കണ്ണൂർ: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ. കണ്ണൂർ ഗവ. പോളിടെക്നിക് കോളജിൽ പ്രവേശന കവാടത്തിന്റെയും ഡ്രോയിംഗ് ഹാൾ ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 39 സർക്കാർ കോളജുകളിലായി 141 അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1100 പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്. അധ്യാപകരില്ലാതെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കാനാകില്ല.
കേരളത്തെ എഡ്യുക്കേഷനൽ ഹബ്ബാക്കി വികസിപ്പിച്ച് ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. അടുത്ത അധ്യയനവർഷം മുതൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതരസംസ്ഥാനത്തെയും വിദേശത്തെയും വിദ്യാർഥികൾ ഉണ്ടാകണമെന്ന നിർബന്ധബുദ്ധിയും സർക്കാരിനുണ്ട്. കേരളത്തിലെ വിദ്യാർഥികളുടെ സീറ്റ് നഷ്ടപ്പെടാതെ അധികസീറ്റുകൾ അനുവദിച്ചാകും ഇതു ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
പോളിടെക്നിക്കുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കും: മന്ത്രി കെ.ടി. ജലീൽ
01:32 AM Jan 12, 2019 | Deepika.com