തിരുവനന്തപുരം: നവമാധ്യമങ്ങളിലെ ആരോഗ്യകരമായ ഇടപെടലുകൾക്ക് മികച്ച മാതൃകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകൾ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനികകാലത്ത് നവമാധ്യമങ്ങൾ ആരോഗ്യകരവും അനാരോഗ്യകരവുമായ ഇടപെടലുകൾക്ക് ഉപേയാഗിക്കുന്നുണ്ട്. ഇതിൽ ആരോഗ്യപരമായ ഇടപെടൽ കേരള പോലീസിന് നടത്താനായത് കൂട്ടായ്മയുടെ വിജയമാണ്. അർപ്പണബോധത്തോടെ ചുമതലപ്പെട്ടവർ പ്രവർത്തിച്ചതും ഇതിനു മുതൽക്കൂട്ടായി.
കേരള പോലീസ് സ്തുത്യർഹമായ കൃത്യനിർവഹണത്തിന് നേരത്തെതന്നെ രാജ്യത്തെ പോലീസിനു സേനകളിൽ മികച്ച സ്ഥാനം നേടാനായിട്ടുണ്ട്. കൂടുതൽ നേട്ടങ്ങൾ നേടാൻ സംസ്ഥാന പോലീസ് സേനയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചടങ്ങിൽ ഫേസ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആൻഡ് സേഫ്റ്റി) ഹെഡ് സത്യ യാദവ് ഫേസ്ബുക്കിന്റെ അംഗീകാരം കൈമാറി.
കേരള പോലീസ് സോഷ്യൽ മീഡിയ സെൽ അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കമൽനാഥ്, വി.എസ്. ബിമൽ സിവിൽ പോലീസ് ഓഫീസർമാരായ പി.എസ്.സന്തോഷ്, ബി.ടി അരുണ്‍ എന്നിവർക്ക് മുഖ്യമന്ത്രി മൊമെന്റോ നല്കി.
ടേക്ക് കെയർ, ബിവെയർ, ശ്രദ്ധ’ എന്ന പേരിൽ കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലും കേരള റെയിൽവേ പോലീസും നിർമിച്ച റെയിൽവേ സുരക്ഷ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പോലീസ് അഡ്വൈസർ രമണ്‍ ശ്രീവാസ്തവ, എ.ഡിജിപിമാരായ അനിൽകാന്ത്, മനോജ് ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
നവമാധ്യമങ്ങളിലെ ആരോഗ്യകരമായ ഇടപെടലുകൾക്ക് കേരള പോലീസ് മികച്ച മാതൃക: മുഖ്യമന്ത്രി
01:38 AM Jan 11, 2019 | Deepika.com