തിരുവനന്തപുരം: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ഹർത്താലിനെതിരേ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. ഹർത്താലിനെത്തുടർന്ന് വിൽക്കാൻ കഴിയാതെ കെട്ടിക്കിടന്ന് ചീഞ്ഞ പച്ചക്കറികളും പഴങ്ങളും ലോട്ടറി ഉൾപ്പെടെയുള്ളവയുമായാണ് വ്യാപാരികൾ സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധം ഉയർത്തിയത്.
വ്യാപാരി- വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന സമീപനമാണു കേന്ദ്രസർക്കാർ ഏറെ നാളായി തുടരുന്നത്. അതിനു പിന്നാലെയാണ് ശബരിമലയുടെ പേരു പറഞ്ഞ് സംസ്ഥാന ബിജെപിയും വ്യാപാരികളെ ദ്രോഹിക്കുന്നത്.
ജനകീയ വിഷയങ്ങളിൽ നടത്തപ്പെടുന്ന ഹർത്താലുകളെ അനുകൂലിക്കാൻ വ്യാപാരികൾ തയാറാണ്. എന്നാൽ, അനാവശ്യമായി ഹർത്താലുകൾ പ്രഖ്യാപിച്ചാൽ വ്യാപാരികൾ കടകൾ തുറക്കുമെന്നും കടകൾ അടപ്പിക്കാൻ ശ്രമിക്കുന്നവരെ തെരുവിൽ നേരിടുമെന്നു പാപ്പച്ചൻ പറഞ്ഞു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് എൻ. സുധീന്ദ്രൻ, നേതാക്കളായ എൻ. ശശികുമാർ, പി.എൻ. മധു തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.
ഹർത്താലിനെതിരേ രോഷം അണപൊട്ടി
01:40 AM Dec 16, 2018 | Deepika.com