കോട്ടയം: കർഷകർക്ക് അംഗീകാരവും കാർഷികവൃത്തിക്ക് ആത്മവിശ്വാസവും നൽകാൻ ദീപികയ്ക്കു എക്കാലവും കഴിഞ്ഞിട്ടുണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കർഷകൻ മാസികയുടെ 25-ാം വാർഷികാഘോഷ സമാപനത്തിന്റെ ഉദ്ഘാടനവും ദീപിക എക്സലൻസ് അവാർഡ് ദാനവും കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതു കർഷകരാണ്. ഉത്പാദനച്ചെലവ് കൈയെത്താദൂരത്താണ്. ഇതിനു പുറമേ തൊഴിലാളികളുടെ കൂലി, വിത്ത്, വളം എന്നിവയുടെ വിലയും കർഷകനു ചിന്തിക്കാവുന്നതിനപ്പുറത്താണ്. കാർഷിക ഉത്പന്നങ്ങൾക്കു വില നിശ്ചയിക്കാനുള്ള അധികാരം ഇന്നു കർഷകനില്ല. കാർഷിക വിളകൾക്ക് അടിസ്ഥാനവില നിശ്ചയിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം. ഉത്പാദനച്ചെലവുമായി ബന്ധപ്പെടുത്തി മിനിമം വിലയുണ്ടാകണം. കാർഷിക കടങ്ങൾ എഴുതി തള്ളുന്നതോടൊപ്പം പലിശ രഹിത വായ്പ കർഷകർക്കു ലഭ്യമാക്കാനുള്ള നടപടിയാണ് വേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രസംഗം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
എംഎൽഎമാരായ കെ. സുരേഷ്കുറുപ്പ്, മോൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ദീപിക ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട് സ്വാഗതവും കർഷകൻ മാസിക എഡിറ്റർ ഇൻ ചാർജ് ടോം ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി.
കാഞ്ഞിരപ്പളളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ മാനേജർ ഫാ. ഡൊമിനിക് തോമസ് കാഞ്ഞിരത്തിനാൽ, ഗായകൻ കെ.ജി. മാർക്കോസ്, ആലപ്പുഴ ആൽഫാ എൻട്രൻസ് അക്കാദമി ഡയറക്ടർ റോജസ് ജോസ്, തത്തംപള്ളി സഹൃദയ ആശുപത്രി ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ, റാന്നി ഗോൾഡൻ ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ റോജി കെ. ജേക്കബ്, തടിയൂർ കലാഭവൻ പി.എസ്. നായർ, പോപ്പുലർ ഫിനാൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. റിനു മറിയം തോമസ് എന്നിവർക്ക് എക്സലൻസ് അവാർഡുകളും പത്തനംതിട്ട മാതാ കണ്സ്ട്രക്ഷൻ മാനേജിംഗ് ഡയറക്ടർ എബി വർഗീസ്, പത്തനംതിട്ട സണ്റൈസ് ഏജൻസീസ് മാനേജിംഗ് ഡയറക്ടർ ബിനുമോൻ എം. ചാക്കോ, ഏഷ്യൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സോജി വർഗീസ്, കോന്നി അനശ്വര ജ്വല്ലറി മാനേജിംഗ് ഡയറക്ടർ അനിൽ കുമാർ, പത്തനംതിട്ട സുഹോദയ ആയുർവേദ ആശുപത്രിയിലെ ഡോ. വിനയകുമാർ എന്നിവർക്ക് സ്പെഷൽ ഹോണേഴ്സ് അവാർഡുകളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിച്ചു. അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ചു കാഞ്ഞിരപ്പളളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ മാനേജർ ഫാ. ഡൊമിനിക് തോമസ് കാഞ്ഞിരത്തിനാൽ മറുപടി പ്രസംഗം നടത്തി.
കർഷകർക്കു വേണ്ടിയുള്ള ദീപികയുടെ പോരാട്ടം എക്കാലവും ശ്രദ്ധേയം: ഉമ്മൻ ചാണ്ടി
01:40 AM Dec 16, 2018 | Deepika.com