ശബരിമല: ചിങ്ങവനം - ചങ്ങനാശേരി ഇരട്ടപ്പാതയിലെ സിഗ്നൽ സംവിധാനവും പാളങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികളുടെ ഭാഗമായി 23 വരെ തുടരുന്ന തീവണ്ടി ഗതാഗത നിയന്ത്രണത്തിൽ വലയുന്നത് ശബരിമല തീർഥാടകർ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു മുൻകൂട്ടി ബുക്ക് ചെയ്തു ശബരിമല യാത്രയ്ക്കെത്തുന്ന തീർഥാടകർക്കു ദീർഘദൂര തീവണ്ടികളിൽ കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ ഇറങ്ങാനും കയറാനും ആകാത്ത സാഹചര്യമാണ്. റെയിൽവേ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഇതര സംസ്ഥാനക്കാരായ തീർഥാടകരിൽ പലരും മനസിലാക്കിയിട്ടില്ല. റെയിൽവേയുടെ ക്രമീകരണം സംബന്ധിച്ച് തീർഥാടകർക്കു കൃത്യമായ വിവരം നൽകാൻ ശബരിമലയിലോ പരിസരങ്ങളിലോ ക്രമീകരണം ചെയ്തിട്ടില്ല. ഇക്കാരണത്താൽ തീവണ്ടിയുടെ പതിവു സമയത്തിനനുസരിച്ചു യാത്ര ക്രമീകരിച്ചെത്തുന്ന തീർഥാടകർക്കു മടക്കയാത്രയ്ക്ക് അടക്കം ബുദ്ധിമുട്ടാകും.
എറണാകുളം - കോട്ടയം - കായംകുളം പാതയിലെ 11 തീവണ്ടികളാണ് ഇന്നലെ മുതൽ ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്നത്. ശബരിമല തീർഥാടകർക്കായി രണ്ട് പാസഞ്ചർ തീവണ്ടികൾ അധികമായി ഏർപ്പെടുത്തിയെങ്കിലും ഇവ അപര്യാപ്തമാണ്. ഹൈദരാബാദിലേക്കുള്ള തീർഥാടകർക്കു കോട്ടയത്തെത്തിയെങ്കിൽ മാത്രമേ സ്പെഷൽ തീവണ്ടിയിൽ എറണാകുളത്തെത്താനാകൂ. മടക്കയാത്രയിൽ അയ്യപ്പഭക്തർ ഏറെയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്കാണ് എത്തുന്നത്. ഇവിടെനിന്നു ശബരി എക്സ്പ്രസിൽ കയറാൻ കായംകുളത്തെത്തണം. കായംകുളത്തേക്കു സ്പെഷൽ തീവണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാകട്ടെ ഉച്ചകഴിഞ്ഞാണ്. പണികൾ നടക്കുന്നതിനാൽ റൂട്ട് മാറ്റാത്ത തീവണ്ടികൾ സമയക്ലിപ്തത പാലിക്കാനിടയില്ല. റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്പോൾ മാത്രം സമയമാറ്റവും റൂട്ടുമാറ്റവും അറിയുന്നവർക്കു ബുക്ക് ചെയ്ത തീവണ്ടികൾ ലഭിക്കുമെന്നു യാതൊരു ഉറപ്പുമില്ല.
ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്ന എക്സ്പ്രസ് ട്രെയിനുകൾക്ക് ചെങ്ങന്നൂരിൽനിന്നു മുൻകൂട്ടി റിസർവേഷൻ നടത്തിയിട്ടുള്ള നിരവധി തീർഥാടകരുണ്ട്. ഇവരെല്ലാം യാത്ര ചെയ്യണമെങ്കിൽ കായംകുളത്തോ എറണാകുളത്തോ എത്തണം. വഴി തിരിച്ചുവിട്ടിരിക്കുന്ന ട്രെയിനുകളെ സംബന്ധിച്ചു കൃത്യമായ അറിയിപ്പുകൾ നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള പ്രദേശത്തു ലഭ്യമാക്കേണ്ടതുണ്ട്. പന്പയിലെ റെയിൽവേ ബുക്കിംഗ് സെന്ററിന്റെ പ്രവർത്തനവും ഭാഗികമാണ്. ഇവിടെയാകട്ടെ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നുമില്ല.
ശബരിമല തീർഥാടകർക്കായുള്ള സ്പെഷൽ തീവണ്ടികളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പല തീവണ്ടികളും വഴിയിൽ പിടിച്ചിടുമെന്ന് അറിയിപ്പുണ്ട്. ഇതോടൊപ്പം പല വണ്ടികളും വൈകിയായിരിക്കും പുറപ്പെടുക. ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള കെഎസ്ആർടിസി സർവീസുകളെയും ട്രെയിൻസമയമാറ്റം സാരമായി ബാധിക്കാനിടയുണ്ട്.
തീവണ്ടി ഗതാഗത നിയന്ത്രണം: തീർഥാടകർ ബുദ്ധിമുട്ടിൽ
01:57 AM Dec 15, 2018 | Deepika.com