തിരുവനന്തപുരം: പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത വ്യക്തി ജീവിതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതിന്റെ പേരിൽ ജനങ്ങളെ മുഴുവൻ ദുരിതത്തിലാക്കി ഹർത്താൽ നടത്തിയത് എന്തിനാണെന്നു ബിജെപി നേതൃത്വം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആത്മാഹുതി ചെയ്ത വ്യക്തിയുടെ മരണമൊഴി ഡോക്ടറും മജിസ്ട്രേറ്റും ചേർന്ന് എടുത്തപ്പോൾ ജീവിതം മടുത്തതിനാലാണെന്നു പറയുന്നു.
ആത്മഹത്യയെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന നെറികേടാണ് ബിജെപിയുടേത്. ഇതിലൂടെ പുറത്തു വന്നത് ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ്. ശബരിമല വിഷയത്തിലെ കപട ആത്മാർഥതയാണ് ഇത്തരം ഹീനപ്രവർത്തികൾക്കു ബിജെപിയെ പ്രേരിപ്പിക്കുന്നത്. ശബരിമല വിഷയത്തെ സുവർണാവസരമായി കണ്ട് സംസ്ഥാനത്തു ബലിദാനികളെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നു ജനദ്രോഹ ഹർത്താൽ ആഹ്വാനം ചെയ്തതിലൂടെ വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിജെപി ഹർത്താൽ എന്തിനെന്നു മുല്ലപ്പള്ളി
01:57 AM Dec 15, 2018 | Deepika.com