കോട്ടയം: ദീപിക എക്സലൻസ് അവാർഡ് ദാനവും കർഷകൻ മാസികയുടെ 25-ാം വാർഷികാഘോഷ സമാപനവും ഇന്നു വൈകുന്നേരം ഏഴിനു കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ നടക്കും. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടത്തിന്റെ അധ്യക്ഷതയിൽ ഉമ്മൻ ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രസംഗം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ കെ. സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ എന്നിവർ പ്രസംഗിക്കും. ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട് സ്വാഗതവും കർഷകൻ മാസിക എഡിറ്റർ ഇൻ ചാർജ് ടോം ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തും. കാഞ്ഞിരപ്പളളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ മാനേജർ ഫാ. ഡൊമിനിക് തോമസ് കാഞ്ഞിരത്തിനാൽ, ഗായകൻ കെ.ജി. മർക്കോസ്, ആലപ്പുഴ ആൽഫാ എൻട്രൻസ് അക്കാദമി ഡയറക്ടർ റോജസ് ജോസ്, തത്തംപള്ളി സഹൃദയ ആശുപത്രി ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ, റാന്നി ഗോൾഡൻ ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ റോജി കെ. ജേക്കബ്, തടിയൂർ കലാഭവൻ പി.എസ്. നായർ എന്നിവർക്കാണ് എക്സലൻസ് അവാർഡുകൾ സമ്മാനിക്കുന്നത്.
ദീപിക എക്സലൻസ് അവാർഡ് ദാനവും കർഷകൻ മാസിക ജൂബിലി സമാപനവും ഇന്ന്
02:16 AM Dec 14, 2018 | Deepika.com