നെടുന്പാശേരി: തിരുവനന്തപുരം വിമാനത്താവളം സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്തർദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെർമിനലും 40 മെഗാവാട്ടായി ഉയർത്തിയ സൗരോർജ പദ്ധതിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്കു നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിന് സ്ഥലം നൽകിയപ്പോൾതന്നെ ചില കരാറുകൾ ഉണ്ടായിരുന്നു. കൊച്ചിയിൽ വിമാനത്താവളം നിർമിക്കാനും നടത്താനും കേന്ദ്രസർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് സിയാൽ എന്ന സ്ഥാപനം ഉണ്ടായതും അതിന്റെ നേതൃത്വത്തിൽ വിമാനത്താവളം പണി കഴിക്കപ്പെട്ടതും. കണ്ണൂരിലെ വിമാനത്താവളം സിയാൽ നൽകിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നടത്തിവരുന്നത്. 100 കോടി രൂപയോളം നിക്ഷേപമുള്ള സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 230 കോടിയോളം രൂപ സിയാൽ നൽകിക്കഴിഞ്ഞു.
ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ ആമുഖ പ്രസംഗം നടത്തി. സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോണ്, മുൻ എംപി പി. രാജീവ്, ജിസിഡിഎ ചെയർമാൻ വി. സലീം, മിനി എൽദോ, അൽഫോണ്സ വർഗീസ്, എം.പി.ലോനപ്പൻ, എം.വി. റെജി, സിയാൽ ഡയറക്ടർമാരായ കെ. റോയ് പോൾ, എ.കെ. രമണി, എൻ.വി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. സിയാൽ ഡയറക്ടർ എം.എ. യൂസഫലി സ്വാഗതവും എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ നന്ദിയും പറഞ്ഞു.
നവീകരിച്ച ഒന്നാം ടെർമിനൽ കാണാൻ പൊതുജനങ്ങൾക്ക് അവസരം
നെടുന്പാശേരി: അടുത്ത മൂന്ന് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് കൊച്ചി അന്തർദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെർമിനൽ സന്ദർശിക്കാനും കാണാനും അനുമതി. 13, 14, 15 തിയതികളിൽ രാവിലെ ഒന്പത് മുതൽ രാത്രി ഏഴ് വരെയാണ് സന്ദർശനാനുമതി.
തിരുവനന്തപുരം-കാസർഗോഡ് ജലപാത വികസനം:ആദ്യഘട്ടം 2020ൽ പൂർത്തിയാക്കും- വി.ജെ. കുര്യൻ
നെടുന്പാശേരി: ഈ സർക്കാരിന്റെ തുടക്കകാലത്ത് സിയാലിനെ ഏൽപ്പിച്ച തിരുവനന്തപുരം-കാസർഗോഡ് ജലപാതയുടെ വികസനത്തിന്റെ ആദ്യഘട്ടം 2020 ൽ പൂർത്തിയാക്കുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. കൊച്ചി അന്തർദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെർമിനലിന്റെയും 40 മെഗാവാട്ടാക്കി ഉയർത്തിയ സൗരോർജ പദ്ധതിയുടെയും ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിയാൽ മാതൃകയിൽ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാം: മുഖ്യമന്ത്രി
02:45 AM Dec 13, 2018 | Deepika.com