കൊച്ചി: പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധ ഫ്ളക്സ് ബോർഡുകളും പരസ്യ ബാനറുകളും നീക്കാൻ പോലീസിന് അധികാരമില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അനധികൃത ഫ്ളക്സ്-പരസ്യ ബോർഡുകൾക്കെതിരായ ഹർജിയിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.
കേരള പോലീസ് ആക്ടിലും പഞ്ചായത്തീരാജ് ആക്ടിലും ഭേദഗതി വരുത്താത്തിടത്തോളം തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാൻ മാത്രമേ പോലീസിനു കഴിയൂവെന്നു പോലീസ് വ്യക്തമാക്കി. സംസ്ഥാനത്തു ഫ്ളക്സ് സംസ്കാരം വ്യാപകമാണ്. എങ്കിലും നിയമത്തിന്റെ അഭാവത്തിൽ സ്വന്തംനിലയ്ക്കു കേസെടുക്കാനും നിയമനടപടികൾ സ്വീകരിക്കാനും പോലീസിനു കഴിയില്ല. നിലവിലെ സാഹചര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ അപേക്ഷ നൽകിയാൽ പോലീസിന് ഇടപെടാൻ കഴിയും. ദേശീയപാതകളിലാണ് അനധികൃത ബോർഡുകളെങ്കിൽ ഹൈവേ അഥോറിറ്റിയുടെ പരാതിയിൽ പോലീസിനു സഹായിക്കാൻ കഴിയും. ബോർഡുകൾ സഞ്ചാരത്തിനു തടസമായാൽ കേസെടുക്കാനാവുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഫ്ളക്സ് ബോർഡുകൾ നീക്കാൻ പോലീസിന് അധികാരമില്ല: ഡിജിപി
02:31 AM Dec 13, 2018 | Deepika.com