തിരുവനന്തപുരം: ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്റെ ഉജ്വല വിജയം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും കരുത്തേകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മോദിമുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഈ തെരഞ്ഞെടുപ്പുകൾ രാജ്യത്തെ അടുപ്പിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ മതേതര ജനാധിപത്യ മുന്നേറ്റം അധികാരത്തിൽ വരുമെന്ന സൂചനയാണിത്- ചെന്നിത്തല പറഞ്ഞു.
മോദിക്കേറ്റ അടി: മുല്ലപ്പള്ളി
തിരുവനന്തപുരം: ഹിന്ദി ഹൃദയഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കനത്ത തിരിച്ചടി നല്കിയിരിക്കുകയാണെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഡസൻ കണക്കിനു റാലികളിൽ പങ്കെടുക്കുകയും സഹസ്രകോടികൾ ഒഴുക്കുകയും ചെയ്തിട്ടും മോദി പ്രഭാവം ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായെന്നു വ്യക്തം. ഈ സെമിഫൈനലിന്റെ ആഘാതത്തിൽനിന്നു ബിജെപിക്കു കരകയറാനാകില്ല.
ഫാസിസ്റ്റ് വിപത്തിനെ ചെറുക്കാൻ ദേശീയതലത്തിൽ മതേതര ജനാധിപത്യ ശക്തികളുടെ വേദി ഉണ്ടാക്കിയ കോണ്‍ഗ്രസ് നിലപാടിനെ രാജ്യമെന്പാടും സ്വാഗതം ചെയ്തപ്പോൾ അതിനെ ബിജെപിക്കുവേണ്ടി പിന്നിൽനിന്നു കുത്തിയതു കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ്. ഇതു ജനം തിരിച്ചറിയണം. സിപിഎമ്മിന് ആരോടാണു പ്രതിബദ്ധതയെന്നു തെളിഞ്ഞിരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ജനദ്രോഹ ദുർഭരണത്തിനു തിരിച്ചടി: വി.എം. സുധീരൻ
തിരുവനന്തപുരം: ബിജെപിയുടെ ജനദ്രോഹ ദുർഭരണത്തിനു വൻതിരിച്ചടിയാണ് ജനം നൽകിയതെന്നു വി.എം. സുധീരൻ. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയനേട്ടം കൊയ്യാമെന്ന മോദിഅമിത് ഷാ ദ്വയത്തിന്റെ വ്യാമോഹമാണ് ഈ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞത്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ജനങ്ങൾക്കുള്ള വിശ്വാസ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പു ഫലം.
കർഷക വിരുദ്ധ നയങ്ങൾക്കു തിരിച്ചടി: കെ.എം. മാണി
കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കു കർഷകർ നൽകിയ തിരിച്ചടിയാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ കെ.എം. മാണി എംഎൽഎ. അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ യുപി എ സഖ്യത്തെ നയിച്ച രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ കേരള കോണ്‍ഗ്രസ് അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും കരുത്തേകും: ചെന്നിത്തല
01:09 AM Dec 12, 2018 | Deepika.com