മലപ്പുറം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലപ്പുറം ആസ്ഥാനമായുള്ള കേരള ഗ്രാമീൺ ബാങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാവിലെ മുതൽ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കെ. പ്രകാശൻ, വനിതാ സബ് കമ്മിറ്റി കണ്‍വീനർ കെ.കെ. രജിത മോൾ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.
സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. ശശികുമാർ, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ, ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ന്യായമായ ഇടപെടൽ മാനേജ്മെന്റ് നടത്താത്ത പക്ഷം ഡിസംബർ 17 മുതൽ നിരാഹാര സമരം തുടർന്ന് കൊണ്ട് തന്നെ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തും. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ റീജണൽ ഓഫിസുകൾക്ക് മുന്നിലും കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഗ്രാമീൺ ബാങ്കിലെ അംഗീകൃത സംഘടനകളായ കേരളഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. 2008ൽ അംഗീകരിച്ച ദിവസ വേതന തൊഴിലാളികൾക്ക് നിയമന അംഗീകാരം നൽകണമെന്നും പിന്നീടുള്ളവർക്കു നിയമനത്തിൽ ആവശ്യമായ മുൻഗണന നൽകണമെന്നുമാണ് ആവശ്യം.
ഗ്രാമീൺ ബാങ്കിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
01:08 AM Dec 12, 2018 | Deepika.com