കൊച്ചി: സിഎംഐ തൃശൂർ ദേവമാതാ പ്രോവിൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത, നൃത്ത, മതസൗഹാർദ കലാമേള ഹാർമണി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഹാർമണി ഇന്റർനാഷണൽ അവാർഡ് സംഗീത സംവിധായകൻ ജെറി അമൽദേവിന്. ചലച്ചിത്ര സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്കാണു പുരസ്കാരം. 50000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി ആറിനു ഹാർമണി ഫെസ്റ്റിൽ സമർപ്പിക്കും.
പ്രദീപ് സോമസുന്ദരം, പ്രഫ. ജോർജ് എസ്. പോൾ, റവ.ഡോ. പോൾ പൂവത്തിങ്കൽ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി അഞ്ച്, ആറ് തിയതികളിലായി കൊടുങ്ങല്ലൂർ അഴീക്കോട് മാർത്തോമാ തീർഥകേന്ദ്രത്തിൽ നടക്കുന്ന ഹാർമണി ഫെസ്റ്റിൽ ശാസ്ത്രീയ സംഗീത നൃത്ത ഇനങ്ങൾക്കു പുറമേ നാടൻ കലാവതരണങ്ങളും അരങ്ങേറ്റങ്ങളും ഉണ്ടാകും. പരിപാടിക്കായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചതായും ചീഫ് കോ-ഓർഡിനേറ്റർ റവ.ഡോ. പോൾ പൂവത്തിങ്കൽ അറിയിച്ചു.
ജെറി അമൽദേവിന് ഹാർമണി ഇന്റർനാഷണൽ അവാർഡ്
01:08 AM Dec 12, 2018 | Deepika.com