ആലപ്പുഴ: സ്കൂൾ കലോത്സവത്തിൽ പാലക്കാട് കിരീടംചൂടി. 239 മത്സരഇനങ്ങളിൽ 932 പോയിന്റുമായാണ് പാലക്കാട് ഒന്നാമതെത്തിയത്. 929 പോയിന്റുമായി കോഴിക്കോടും 905 പോയിന്റുമായി തൃശൂരും 903 പോയിന്റുമായി കണ്ണൂരും തൊട്ടുപിന്നിലെത്തി.
ആതിഥേയ ജില്ലയായ ആലപ്പുഴ 872 പോയിന്റ് നേടി. ഇന്നലെ പുലർച്ചെ 1.20 ന് ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ യക്ഷഗാന മത്സരത്തോടുകൂടിയാണ് 59-ാമത് സ്കൂൾ കലോത്സവത്തിന് തിരശീല വീണത്. ആർഭാടങ്ങൾ ചുരുക്കി മൂന്നുദിവസമാക്കി നടത്തിയ കലോത്സവത്തിൽ ഉദ്ഘാടന ചടങ്ങും സമ്മാനദാനവും ഉപേക്ഷിച്ചിരുന്നു.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 436 പോയിന്റു നേടി പാലക്കാട് ഒന്നാമതെത്തി. 431 പോയിന്റുകൾ വീതം നേടി കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 426 പോയിന്റുമായി തൃശൂർ നാലാം സ്ഥാനത്തെത്തി. ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ 498 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തിയപ്പോൾ 496 പോയിന്റുമായി പാലക്കാട് രണ്ടാംസ്ഥാനവും 487, 479 പോയിന്റുകളുമായി മലപ്പുറവും എറണാകുളവും തൃശൂരും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.
കലാകിരീടം പാലക്കാടിന്
02:21 AM Dec 11, 2018 | Deepika.com