തിരുവനന്തപുരം: മഹാത്മാഗാന്ധി, കുസാറ്റ് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയയമിക്കാനായി രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റീസ് പി. സദാശിവം പിരിച്ചുവിട്ടു.
സെർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലകളുടെ പ്രതിനിധിയെ നിയമിച്ചതിലെ ക്രമക്കേടിനെ തുടർന്നാണ് ഗവർണറുടെ നടപടി. എംജി സർവകലാശാലയിൽ സർവകലാശാല പ്രതിനിധിയായി ഡോ.ജെ. പ്രഭാഷിനെയാണു സെർച്ച് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. വിസി പദവിയിലേക്ക് അപേക്ഷകനായ ആക്ടിംഗ് വിസി ഡോ. സാബുതോമസ് പങ്കെടുത്ത യോഗത്തിലാണ് സെർച്ച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്തത്. വിസി പദവിയിലേക്കുള്ള അപേക്ഷകർ പങ്കെടുത്ത യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പ് നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് കണ്ടാണ് എംജിയിലെ സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടത്.
കുസാറ്റിൽ പുതിയ വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്കു ഡോ.ബി. ഇക്ബാലിനെയാണ് സർവകലാശാല നാമനിർദേശം ചെയ്തത്. പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് പകരം നാമനിർദേശം ചെയ്തതാണ് കുസാറ്റ് വിസിയെ കണ്ടെത്താനുള്ള കമ്മിറ്റിക്ക് പ്രശ്നമായത്. ഇക്കാര്യത്തിൽ നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഗവർണറുടെ തീർപ്പ് തേടിയിരുന്നു. പ്രശ്നത്തിൽ നിയമോപദേശം തേടിയ ശേഷമാണ് സെർച്ച് കമ്മിറ്റികൾ പിരിച്ചുവിട്ടത്.
എംജിയിലെയും കുസാറ്റിലെയും സെർച്ച് കമ്മിറ്റികൾ പിരിച്ചുവിട്ടു
01:40 AM Dec 11, 2018 | Deepika.com