തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടു നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു യുഡിഎഫിന്റെ നേതൃത്വത്തിൽ ഇന്നു നിയമസഭാ മാർച്ച് നടത്തും. രാവിലെ പത്തിനു മ്യൂസിയം ജഗ് ഷനിൽ നിന്നാണു മാർച്ച് ആരംഭിക്കുക.
നിയമസഭയ്ക്കുള്ളിൽ സത്യഗ്രഹം നടത്തുന്ന യുഡിഎഫ് എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കാത്ത സാഹചര്യത്തിൽ സമരം നിയമസഭാ കവാടത്തിലേക്കു മാറ്റാനും ആലോചനയുണ്ട്. ഇന്നു രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ടു ദിവസം നിയമസഭ ഇല്ലാതിരുന്ന സാഹചര്യത്തിൽ എംഎൽഎമാർ നിയമസഭയ്ക്കുള്ളിൽ നടത്തുന്ന സമരത്തിനു ജനശ്രദ്ധ ലഭിച്ചില്ലെന്ന പരാതിയാണു നേതാക്കൾക്കുള്ളത്. തിങ്കളാഴ്ച ആരംഭിച്ച സത്യഗ്രഹ സമരം ഒരാഴ്ച പി ന്നിട്ടു. വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, ഡോ. എൻ. ജയരാജ് എന്നിവരാണു സത്യഗ്രഹ സമരം നടത്തുന്നത്.
സമരം അവസാനിപ്പിക്കാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്തിട്ടും ചർച്ചയ്ക്കു സർക്കാർ തയാറാകാതിരുന്നതാണു പ്രശ്നമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ സമര പരിപാടികൾ ഇന്നു രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എംഎൽഎമാരുടെ സമരം നിയമസഭാ കവാടത്തിലേക്കു മാറ്റിയേക്കും
01:58 AM Dec 10, 2018 | Deepika.com