ചങ്ങനാശേരി: യുവതയുടെ ഉത്സവമായി ചങ്ങനാശേരിയിൽ യൂത്ത് എലൈവ് കൺവൻഷൻ. യുവജനങ്ങൾ നന്മയിലും കൂട്ടായ്മയിലും വളർന്ന് സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷകൾ നിറവേറ്റണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം യൂത്ത് എലൈവ് യുവജന കണ്വൻഷൻ എസ്ബി കോളജ് കാവുകാട്ടു ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.
മഹാപ്രളയകാലത്തു യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനം ഏറെ സഹായമായി. ആവശ്യഘട്ടങ്ങളിൽ സമൂഹത്തിന് നിസ്വാർഥ സേവനം ചെയ്യാൻ യുവജനങ്ങൾ പ്രതിജ്ഞാബദ്ധമാകണം. ആധുനിക സാമൂഹ്യ മാധ്യമങ്ങളെ തിരിച്ചറിവോടെ ഉപയോഗിക്കാൻ യുവജനങ്ങൾക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ കുർബാനയക്ക് ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.
പ്രസിഡന്റ് ഷിജോ മാത്യു ഇടയാടി അധ്യക്ഷതവഹിച്ചു. സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. വികാരിജനറാൾ മോണ്. തോമസ് പാടിയത്ത് പ്രസംഗിച്ചു. അതിരൂപത ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറ ആമുഖ പ്രഭാഷണം നടത്തി. തലശേരി സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, സിനി ആർട്ടിസ്റ്റ് സിജോയി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. വൈകുന്നേരം എസ്ബി കോളജിൽനിന്ന് എസ്ബി ഹൈസ്കൂളിലേക്കു വർണശബളമായ യുവജനറാലിയോടെ സമ്മേളനം സമാപിച്ചു.
മാർ ജോസഫ് പെരുന്തോട്ടം യുവജനങ്ങൾക്കൊപ്പം റാലിയിൽ അണിചേർന്നത് ആവേശമായി. അതിരൂപത കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ് വർഗീസ് ആന്റണി സമാപന സന്ദേശം നൽകി. അഖിൽ ജോർജ് ചാക്കോ, ടോണി മണിമലപ്പറന്പിൽ,അഞ്ജലി പി. തോമസ്, റോസ് മരിയ സെബാസ്റ്റ്യൻ, സീനാ ചെറിയാൻ, ആൻമരിയ ജോസഫ്, ലാലിച്ചൻ മറ്റത്തിൽ, ബ്രദർ ഹെൻട്രി, സിസ്റ്റർ സെലിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
ആവേശം അലയടിച്ചു യൂത്ത് എലൈവ് കൺവൻഷൻ
01:24 AM Dec 10, 2018 | Deepika.com