പാന്പാടി: സൗദിയിൽനിന്നു കുടുംബസമേതം ബഹ്റിനിലെത്തിയ പ്രവാസി മലയാളി കടലിൽ നീന്തുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. സൗദിഅറേബ്യയിൽ ബിസിനസ് ഗ്രൂപ്പ് നടത്തുന്ന കടവുംഭാഗം മാത്യു തോമസിന്റെ മകൻ മിഷാൽ തോമസ് (33) ആണ് മരിച്ചത്.
സൗദിയിലെ അൽകോബാറിലെ ജാഫ് അറേബ്യ കന്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു മിഷാൽ. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം.
വാരാന്ത്യത്തിൽ ബഹ്റിനിൽ എത്തിയശേഷം അഞ്ചു സുഹൃത്തുക്കൾക്കൊപ്പം കടലിൽ ബോട്ടിംഗിനു പോയതായിരുന്നു. നീന്തുന്നതിനിടെ ഹൃദയാഘാതമുണ്ടായി. ബോട്ടിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബാംഗങ്ങൾ ബോട്ടിലില്ലായിരുന്നു.
മൃതദേഹം ബഹ്റിനിലെ കിംഗ് ഹമദ് ആശുപത്രിയിലെത്തിച്ചു. നടപടികൾ പൂർത്തീകരിച്ചശേഷം നാളെ നാട്ടിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.
അമ്മ: രാജമ്മ തോമസ്. ഭാര്യ: റ്റീനു മിഷാൽ മണരർകാട് ഇഞ്ചക്കാട്ട് കുടുംബാംഗം. മക്കൾ: ജെയ്ഡൻ മാത്യു തോമസ്, ഹെയ്സൽ സൂസൻ തോമസ്.
കടലിൽ നീന്തുന്നതിനിടെ ഹൃദയാഘാതം: പാന്പാടി സ്വദേശി ബഹ്റിനിൽ മരിച്ചു
12:42 AM Dec 09, 2018 | Deepika.com