കൊച്ചി: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിക്കാത്തതിൽ ദുഃഖമുണ്ടെന്നു വിമാനത്താവളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ മന്ത്രി കെ. ബാബു. കടലാസിൽ മാത്രമായിരുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി യാഥാർഥ്യമാക്കാൻ ചെറുതല്ലാത്ത പങ്ക് വഹിക്കാൻ തനിക്കു കഴിഞ്ഞിരുന്നു.
ഉദ്ഘാടനത്തിനു ഫോണ് വിളിച്ചു ക്ഷണിക്കാനുള്ള സൗമനസ്യം കാണിക്കാൻ സർക്കാരോ കിയാൽ മാനേജ്മെന്റോ തുനിഞ്ഞില്ലെന്നത് അത്യന്തം ഖേദകരമാണ്. എങ്കിലും പദ്ധതി യഥാർഥ്യമായതിൽ സംതൃപ്തിയും അതിലേറെ ചാരിതാർഥ്യവുമുണ്ടെന്നു ഫേസ് ബുക്ക് പേജിൽ കെ. ബാബു കുറിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിരന്തരമായ മാർഗനിർദേശങ്ങളും മേൽനോട്ടവുമാണ് ഈ സ്വപ്ന പദ്ധതിയെ യാഥാർഥ്യത്തിലെത്തിച്ചത്. അന്നത്തെ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി വയലാർ രവിയുടെ സഹായം ലഭിച്ചു. മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി വഹിച്ച പങ്കും നിസ്തുലമാണെന്നു കെ. ബാബു പറഞ്ഞു.
ഫോണിലെങ്കിലും ക്ഷണിക്കാത്തതു ഖേദകരം: കെ. ബാബു
12:05 AM Dec 09, 2018 | Deepika.com