ശബരിമല: ശബരിമലയുമായി ബന്ധപ്പെട്ട നിരോധനാജ്ഞ തുടരുമെങ്കിലും സന്നിധാനത്തു നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ പോലീസ് കൂടുതൽ ഇളവുകൾ നൽകിത്തുടങ്ങി. മഹാകാണിക്കയുടെ സമീപത്തേക്കു പോകുന്നതിനുണ്ടായിരുന്ന വിലക്കുകൾ നീക്കി. വാവരു നടയ്ക്കു മുന്പിലെ ബാരിക്കേഡ് തുടരുന്നുണ്ടെങ്കിലും മഹാകാണിക്കയുടെ മുന്പിൽ കെട്ടിയിരുന്ന വടമാണ് നീക്കിയത്. അയ്യപ്പഭക്തർക്കു വിരി വയ്ക്കാനും മറ്റും സന്നിധാനത്തു കൂടുതൽ ഇളവുകൾ നൽകുന്നുണ്ട്. മഹാകാണിക്കയുടെ മുന്പിലും പാണ്ടിത്താവളത്തേക്കുള്ള വഴിയിലും അയ്യപ്പഭക്തരെ തങ്ങാൻ അനുവദിച്ചിട്ടുണ്ട്.
ശബരിമലയിലേക്ക് ഇന്നലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിനു നട തുറന്ന് 22 ദിവസങ്ങൾ പിന്നിട്ടതിനു ശേഷം തിരക്ക് ഇടമുറിയാതെ തുടരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴും നീണ്ടനിര ദൃശ്യമല്ലെങ്കിലും അയ്യപ്പഭക്തരുടെ വരവ് കൂടിയിട്ടുണ്ട്. നിലയ്ക്കലും പന്പയിലും തീർഥാടകർ അധികമായി എത്തിച്ചേരുന്നുണ്ട്. ഇതര സംസ്ഥാനക്കാരായ തീർഥാടകരാണ് ഏറെയുമെത്തിയിട്ടുള്ളത്.
സന്നിധാനത്ത് കൂടുതൽ ഇളവുകൾ; തിരക്ക് വർധിച്ചു
12:05 AM Dec 09, 2018 | Deepika.com