തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനും വികസനത്തിനുമായി 720 കോടി രൂപയുടെ സഹായവുമായി ജർമനി. പ്രളയത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും ചെറുക്കുന്ന തരത്തിലുള്ള റോഡുകളും പാലങ്ങളും നിർമിച്ച് അടിസ്ഥാന ഗതാഗത സൗകര്യം സൃഷ്ടിക്കുകയാണ് സഹായത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യയിലെ ജർമൻ അംബാസഡർ മാർട്ടിൻ നൈ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനു പുറമേ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കായി 940 കോടി രൂപ വായ്പയും കേരളത്തിനു നൽകും. ജർമൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു വഴിയാണ് കുറഞ്ഞ പലിശയ്ക്ക് പദ്ധതി നടപ്പാക്കുന്നത്.
കൊച്ചി നഗരത്തെ സ്മാർട് സിറ്റിയാക്കി മാറ്റുന്നതിനായി സംയോജിത വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ട നടപടികൾ പുരോഗമിക്കുകയാണ്. 76 കിലോമീറ്റർ നീളത്തിൽ പത്തു ദ്വീപസമൂഹങ്ങളെ ബന്ധിപ്പിക്കുന്നതാണു പദ്ധതി. 41 ബോട്ടുജെട്ടികൾ, പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് ബോട്ടുകൾ എന്നിവ പദ്ധതിയുടെ പ്രത്യേകതയാണ്. ഓരോ 20 മിനിറ്റിലും ഹൈബ്രിഡ് ബോട്ടുകൾ സർവീസ് നടത്തും. 2020ഓടെ പദ്ധതി പ്രവർത്തനസജ്ജമാകും. ലോകബാങ്കിന്റെയും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും സഹകരണവും ഇതിനുണ്ട്.
ഉൗർജമേഖലയിലും കേരളത്തിനായി ജർമനി പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. കരാപ്പുഴ, മലന്പുഴ എന്നിവിടങ്ങളിലെ ജലസംഭരണികളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. ഇതോടൊപ്പം മേൽക്കൂര സൗരോർജ പദ്ധതികൾക്കും ജർമനി സഹായം നൽകും.
മണ്ണിന്റെ ഗുണം നഷ്ടപ്പെട്ട പ്രദേശങ്ങളിലെ നീർത്തട വികസനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനുമുള്ള പദ്ധതിക്ക് കെഎഫ്ഡബ്ല്യു സഹായം നൽകും. ഈ പദ്ധതിക്കു 40 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള 43 നീർത്തട പ്രദേശങ്ങളിൽ മണ്ണിന്റെയും ജലവിഭവങ്ങളുടെയും ഭദ്രത, സന്പുഷ്ടി എന്നിവ നിലനിർത്തി സുസ്ഥിരമായ കൃഷി ഉറപ്പാക്കാൻ ചെറുകിട കർഷകരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കേരളത്തെ പുനർനിർമിക്കുക, എത്രയും വേഗം ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ വീണ്ടെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ജർമനി കേരളത്തെ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കൊച്ചി സ്മാർട് സിറ്റിയുടെ ഇന്നവേഷൻ ലാബ് അംബാസഡർ മാർട്ടിൻ നൈ ഉദ്ഘാടനം ചെയ്യും.
ഹോട്ടൽ താജ് വിവാന്തയിൽ നടന്ന പത്രസമ്മേളനത്തിൽ ബംഗളൂരു ഡെപ്യൂട്ടി കോണ്‍സൽ ജനറൽ കാൾ ഫിലിപ്പ് എൽഡിംഗും തിരുവനന്തപുരം കോണ്‍സൽ ജനറൽ സയ്യിദ് ഇബ്രാഹിമും പങ്കെടുത്തു.
720 കോടി രൂപയുടെ സഹായവുമായി ജർമനി
01:10 AM Dec 08, 2018 | Deepika.com