തൃശൂർ: സുരക്ഷാ സംവിധാനങ്ങളില്ലാതെ റേഡിയേഷൻ, എക്സ്റേ യൂണിറ്റുകൾക്കു പ്രവർത്തനാനുമതി നൽകുന്നതിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാരിനു നോട്ടീസ് അയയ്ക്കാൻ ഉത്തരവായി.
ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റി ഡിപ്പാർട്ടുമെന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതിനെതിരേയും, സുരക്ഷാ നിയമങ്ങൾ അടക്കമുള്ള ആറ്റമിക് എനർജി നിയമം പാലിക്കാതെ എക്സ്റേ, റേഡിയേഷൻ യൂണിറ്റുകൾക്ക് അനുമതി നൽകുന്നതിനെതിരേയുമാണു ഹർജി. തൃശൂർ ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് ഹർജി നൽകിയത്. എക്സ്റേ, റേഡിയേഷൻ സുരക്ഷാ കാര്യങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ 1998 മുതൽ റേഡിയേഷൻ സുരക്ഷാ കാര്യാലയം പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത് ഈയിടെയാണ്. എക്സ്റേ, റേഡിയേഷൻ ലാബുകൾക്കു ലൈസൻസ് നൽകാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ചെയ്തു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണു ഹർജി ഫയൽ ചെയ്തത്.
റേഡിയേഷൻ, എക്സ്റേ: സർക്കാരിനു ഹൈക്കോടതി നോട്ടീസ്
12:44 AM Nov 21, 2018 | Deepika.com