തിരുവനന്തപുരം: ശബരിമല പോലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ കണ്ടു കാര്യങ്ങൾ വിശദീകരിക്കും. ഇന്നോ നാളെയോ ഗവർണറെ കാണുമെന്നാണു വിവരം. ശബരിമലയിൽ ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിലെ ആശങ്ക ഗവർണർ, മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ലക്ഷക്കണക്കിനു ഭക്തർ നേരിടുന്ന പ്രയാസങ്ങളിലുള്ള ആശങ്ക അടക്കമുള്ളവയും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ വന്നേക്കുമെന്നാണു സൂചന.
ശബരിമല കർമസമിതി നൽകിയ പരാതി ഗവർണർ, മുഖ്യമന്ത്രിക്കു കൈമാറും. ശബരിമലയിലെ നിലവിലെ സ്ഥിതി സംബന്ധിച്ചു നിരവധി പരാതികളാണു ഗവർണർക്കും രാജ്ഭവനും ലഭിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. ഇന്നലെ മുഖ്യമന്ത്രി, ഗവർണറെ കാണുമെന്നാണു കരുതിയിരുന്നത്. എന്നാൽ, കോഴിക്കോട്ടുനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്താൻ വൈകിയിരുന്നു. അതേസമയം, ശബരിമലയിലെ സ്ഥിതിഗതികൾ സംബന്ധിച്ചു ഗവർണർ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചുവെന്നാണു വിവരം.
മുഖ്യമന്ത്രി ഗവർണറെ കാണും
02:35 AM Nov 20, 2018 | Deepika.com