കൊച്ചി: കോണ്‍ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാനഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 23 ന് രാവിലെ 9.30 ന് ശശി തരൂർ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്സി ഷാ മുഖ്യപ്രഭാഷണം നടത്തും.
ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ, കോണ്‍ഫറൻസ് ചെയർമാൻ എം.വി. ആന്റണി, ദക്ഷിണേന്ത്യൻ ഉപാധ്യക്ഷൻ ശിവ റെഡ്ഡി, ജെഎൽഎൽ ഇന്ത്യ സിഇഒയും കണ്ട്രി ഹെഡുമായ രമേശ് നായർ എന്നിവർ പങ്കെടുക്കും. കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ജെഎൽഎൽ തയാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും. തുടർന്ന് സാങ്കേതിക സെഷനുകളും വൈകുന്നേരം അഞ്ചിന് റിയൽ എസ്റ്റേറ്റ് രംഗത്തെ നവീന സാങ്കേതികവിദ്യയായ ത്രീഡി വിഷ്വലൈസേഷനും ഇല്ലസ്ട്രേഷനും സംബന്ധിച്ച പ്രത്യേക സെഷനും നടക്കും.
24ന് രാവിലെ 10.30ന് നിർമാണരംഗത്തെ ട്രെൻഡുകളെയും സാധ്യതകളെയും കുറിച്ചുള്ള പാനൽ ചർച്ചയിൽ അമേരിക്കൻ, ഇന്ത്യൻ ആർക്കിടെക്ടും പ്ലാനറുമായ ക്രിസ്റ്റഫർ ചാൾസ് ബെനിഗർ പങ്കെടുക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ് ഓഫ് കേരള സെക്രട്ടറി കൊച്ചുതൊമ്മൻ മാത്യു മോഡറേറ്ററാകും. ന്യൂ ഇന്ത്യ സമ്മിറ്റിനെക്കുറിച്ചുള്ള പ്രഖ്യാപനവും രണ്ടാംദിനത്തിൽ നടക്കും.
ഉച്ചയ്ക്ക് ഒന്നിന് സമാപനസമ്മേളനം. ‘മാറ്റങ്ങളെ സ്വീകരിക്കുക, വിജയത്തെ പുനർനിർവചിക്കുക’ എന്നതാണ് ഇത്തവണത്തെ സമ്മേളനവിഷയം. റിയൽ എസ്റ്റേറ്റ്, സാന്പത്തിക, മാർക്കറ്റിംഗ് രംഗത്തുനിന്നുള്ള പ്രമുഖരും പ്രഭാഷകരും ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും. ത്രീഡി പ്രിന്റിംഗ്, ത്രീഡി കാസ്റ്റിംഗ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഉണ്ടാകും.
ക്രെഡായ് സംസ്ഥാന സമ്മേളനം കൊച്ചിയിൽ
02:21 AM Nov 20, 2018 | Deepika.com