തൊടുപുഴ: ബിജെപി പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് സ്റ്റേഷനും കെഎസ്ആർടിസി ബസുകൾക്കും നേരേ കല്ലേറ്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്നു കെഎസ്ആർടിസി ബസുകളും പോലീസ് സ്റ്റേഷന്റെ ബോർഡും കല്ലേറിൽ തകർന്നു. ശബരിമലയിൽ നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച അർധരാത്രിയാണ് നാൽ പതോളം പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്. തുടർന്നു പുലർച്ചെ രണ്ടുവരെ പോലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ കുത്തിയിരുന്നു. ഇതിനിടെയാണ് സ്റ്റേഷൻ ബോർഡിനു നേർക്കു കല്ലേറുണ്ടായത്.
മൂപ്പിൽകടവ്-മങ്ങാട്ടുകവല ബൈപാസ് റോഡിൽ ഇന്ത്യൻ ഹാർഡ് വെയേഴ്സിനു സമീപം പാർക്ക് ചെയ്ത മൂന്നു ബസുകളാണ് എറിഞ്ഞു തകർത്തത്. പ്രതിഷേധ പരിപാടി കഴിഞ്ഞു മടങ്ങിയവരാണു ബസ് എറിഞ്ഞു തകർത്തതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിദിനം പതിനായിരത്തോളം രൂപ കളക്ഷൻ ലഭിച്ചിരുന്ന ബസുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ബിജെപി പ്രതിഷേധം: ബസുകളും പോലീസ് സ്റ്റേഷൻ ബോർഡും തകർത്തു
02:02 AM Nov 20, 2018 | Deepika.com