കൊച്ചി: ശബരിമലയിൽ ദർശനത്തിനു പോകുമെന്നറിയിച്ചു പത്രസമ്മേളനം നടത്തിയ യുവതികൾക്കുനേരേ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി പ്രവർത്തകർ. യുവതികൾ എത്തുമെന്നറിഞ്ഞ് പ്രസ് ക്ലബ്ബിനു മുന്നിൽ ഇന്നലെ ഉച്ചയോടെ പ്രതിഷേധക്കാർ തടിച്ചുകൂടി. യുവതികൾക്കു സംരക്ഷണമൊരുക്കാൻ പോലീസിന്റെ വൻസന്നാഹവും എത്തിയിരുന്നു.
യുവതികൾ പ്രസ്ക്ലബ്ബിൽ എത്തുന്നതിനു മുന്പുതന്നെ പ്രതിഷേധക്കാർ നാമജപമന്ത്രങ്ങളുമായി പ്രതിഷേധ പരിപാടികൾ ആരംഭിച്ചു.പ്രതിഷേധങ്ങൾക്കു നടുവിലൂടെയാണു യുവതികൾ പ്രസ് ക്ലബ്ബിലെത്തിയത്. പത്രസമ്മേളനം കഴിഞ്ഞു യുവതികൾ പുറത്തിറങ്ങാൻ സമയമായതോടെ കൂടുതൽ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. ഇതോടെ പ്രതിഷേധം ശക്തമായി. എആർ ക്യാന്പിൽനിന്നു കൂടുതൽ പോലീസുകാർ സ്ഥലത്തെത്തുകയും അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘം യുവതികളുമായി ചർച്ച നടത്തുകയും ചെയ്തു. പ്രസ് ക്ലബ് റോഡിന്റെ തുടക്കംവരെ സംരക്ഷണം ഉറപ്പാക്കുമെന്നു പോലീസ് പറഞ്ഞതോടെ സുരക്ഷാ വലയത്തിൽ വനിതകൾ പുറത്തിറങ്ങി.
യുവതികൾക്കെതിരേ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി പ്രവർത്തകർ
01:42 AM Nov 20, 2018 | Deepika.com