തിരുവനന്തപുരം: ശബരിമല ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പന്പയിലും സന്നിധാനത്തും ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്ന് ബിജെപി വക്താവ് എം.എസ്.കുമാർ. കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുത്ത 69 പേരെ നിരുപാധികം വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ കഴിയാത്ത തരത്തിലുള്ള പോലീസ് രാജാണു സന്നിധാനത്തടക്കം നിലനിൽക്കുന്നത്. ഭക്തരെക്കാളും കൂടുതൽ പോലീസുകാരാണ് ശബരിമലയിലുള്ളത്. ഡ്യൂട്ടിയിലുള്ള മർദനവീരന്മാരായ പോലീസുകാരെ ഒഴിവാക്കണം. ശബരിമലയിൽ ദർശനത്തിനു വരുന്നവരെല്ലാം ബിജെപിക്കാരും ആർഎസ്എസുകാരുമല്ല. പക്ഷേ ദർശനം കഴിഞ്ഞു മടങ്ങുന്നവരെ ബിജെപിക്കാരും ആർഎസ്എസുകാരുമാക്കി മാറ്റരുത്. നടപ്പന്തലിൽ ആരും ഇരിക്കാതിരിക്കാൻ പോലീസ് തിളച്ച വെള്ളം ഒഴിക്കുകയാണ്. മണ്ഡലകാലത്തെ വരുമാനം ഇപ്പോൾ നാലിലൊന്നായി കുറഞ്ഞു. കെഎസ്ആർടിസി ലാഭമില്ലെന്നു പറഞ്ഞ് പന്പ സർവീസുകൾ കുറച്ചതായും എം.എസ്. കുമാർ ആരോപിച്ചു.
നിരോധനാജ്ഞ പിൻവലിക്കണം: ബിജെപി
01:42 AM Nov 20, 2018 | Deepika.com