കട്ടപ്പന: സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റ്ലർ സഭയുടെ ആതുരസേവനങ്ങൾ ശ്ലാഘനീയമാണെന്നു കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം. ഭാരതത്തിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റ്ലർ സഭയുടെ സുവർണ ജൂബിലി കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരള ഗവർണർ.
ആഗോളതലത്തിൽ ശ്രദ്ധേയമായ സഭയുടെ പ്രവർത്തനങ്ങൾ നിർധനരും ആലംബഹീനരും നിരാശ്രയരുമായ കൂടുതൽ ആളുകൾക്ക് താങ്ങും തണലുമാകട്ടെയെന്നും ഗവർണർ ആശംസിച്ചു. സ്പെഷലി ഏബിൾഡ് വിഭാഗങ്ങളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും ഉന്നതിക്കുമായി കൂടുതൽ കരുതലും പദ്ധതികളും ആവിഷ്കരിക്കാൻ ഹോസ്പിറ്റൽ അധികൃതർ പ്രത്യേക ശ്രദ്ധ നൽകണം.
തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ചികിത്സാസൗകര്യം കാര്യക്ഷമമാക്കുന്നതിന് ആശുപത്രികൾ ഇൻഷ്വറൻസ് പദ്ധതികളും ആശുപത്രികളിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനുള്ള പരിപാടികളും ആവിഷ്കരിക്കണം. ചികിത്സ സംബന്ധിച്ച അജ്ഞതമൂലം പലർക്കും വിദഗ്ധ ചികിത്സ ലഭിക്കാതെവരുന്നുണ്ട്. രോഗചികിത്സയോടൊപ്പം ആരോഗ്യ സംരക്ഷണത്തിന് വ്യായാമം പോലെയുള്ള പദ്ധതികൾക്കും ആശുപത്രികൾ ഉൗന്നൽ നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
മുംബൈ സ്ഫോടനകേസിലും രാജീവ്ഗാന്ധി വധക്കേസിലും വിധി പറഞ്ഞിട്ടുണ്ടെങ്കിലും, തോട്ടിവേല അവസാനിപ്പിക്കുന്നതിനും സ്പെഷലി ഏബിൾഡ് ആയിട്ടുള്ളവരുടെ സംവരണം ഉയർത്തുന്നതിനും താൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരിക്കെ നടത്തിയിട്ടുള്ള ഉത്തരവുകൾ തന്റെ ഒൗദ്യോഗിക ജീവിതത്തിലെ പ്രധാന സംഭവങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. ജൂബിലി ദീപം തെളിച്ചുകൊണ്ടായിരുന്നു ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഗവർണർ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിഷ്യൽ ബ്രദർ യാങ്കാ ശർമ ഒഎച്ച് അധ്യക്ഷത വഹിച്ചു.
മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീടു വച്ചുനൽകുന്നതിന്റെ ആദ്യഗഡുവായുള്ള ഒരു ലക്ഷം രൂപയുടെ ചെക്കും നിർധനരായ 50 യുവതികളുടെ വിവാഹ സഹായമായി നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്കും ഗവർണർ ഉപയോക്താക്കൾക്കു കൈമാറി.
കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണവും മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണവും നടത്തി. ജോയ്സ് ജോർജ് എംപി ആശംസാപ്രസംഗം നടത്തി. സെന്റ് ജോണ്‍ ഓഫ് ഗോഡ് പ്രൊവിൻഷ്യൽ കൗണ്‍സിലർ ബ്രദർ വിൻസന്റ് കോച്ചാംകുന്നേൽ സ്വാഗതവും ആശുപത്രി ഡയറക്ടർ ബ്രദർ ആന്റണി പാലമറ്റം നന്ദിയും പറഞ്ഞു. ഗവർണർക്കു കട്ടപ്പന മുൻസിപ്പൽ ചെയർമാൻ മനോജ് എം. തോമസ് ഉപഹാരം സമർപ്പിച്ചു.
സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ ആതുരസേവനങ്ങൾ ശ്ലാഘനീയം: ഗവർണർ
12:53 AM Nov 19, 2018 | Deepika.com