ഗുരുവായൂർ: ചരിത്രപ്രധാനമായ ഗുരുവായൂർ ഏകാദശി ഇന്ന് ആഘോഷിക്കും. പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തും. ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ഇന്ന്. രാവിലെ ഏഴിനു കാഴ്ചശിവേലിക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും. രാവിലെ പത്തിനു പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിനു വൈക്കം ചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യമാണ്. തിരിച്ചെഴുന്നള്ളിപ്പിനു ഗുരുവായൂർ മുരളിയുടെ നാദസ്വരമുണ്ടാകും. ക്ഷേത്രദർശനത്തിനും പ്രസാദഉൗട്ടിനും പ്രത്യേകം ക്രമീകരണങ്ങൾ ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്.
ഏകാദശി വ്രതം എടുക്കുന്നവർക്കായി ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയാണ് പ്രസാദഉൗട്ടിനു നല്കുക. സന്ധ്യക്കു പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് രഥം എഴുന്നള്ളിപ്പ് ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തും. ഇന്നലെ പുലർച്ചെ തുറന്ന ക്ഷേത്രനട ഇനി പൂജകൾക്കല്ലാതെ നാളെ രാവിലെ ഒമ്പതുവരെ അടയ്ക്കില്ല. ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ വേദജ്ഞർക്കു ദക്ഷിണ നൽകി തുളസീതീർഥം സേവിക്കുന്നതോടെയാണ് ഏകാദശിവ്രതം പൂർണമാകുന്നത്. ഇന്നലെ ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വക ദശമി വിളക്കാഘോഷിച്ചു. രാവിലെ കാഴ്ചശീവേലിക്കു പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും അന്നമനട പരമേശ്വരമരാർ, ചോറ്റാനിക്കര വിജയൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമുണ്ടായിരുന്നു.
ഗുരുവായൂർ ഏകാദശി ഇന്ന്
12:53 AM Nov 19, 2018 | Deepika.com