തിരുവനന്തപുരം: പതിനാറാമത് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പുരസ്കാരം മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിനു സമ്മാനിച്ചു.
നാലാഞ്ചിറ ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീടിന്റെ പത്താം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു. സ്നേഹവീട് അങ്കണത്തിൽ മേയർ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷൻ പ്രസിഡന്റ് റവ.ഡോ.ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒഐസി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം തന്റെ മാതാപിതാക്കൾക്കു സമർപ്പിക്കുന്നതായി ഡോ.കെ.എം.ഏബ്രഹാം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
അവാർഡു തുകയുടെ പകുതി സ്നേഹവീടിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കും പകുതി തുക കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന അദ്ദേഹം സംഭാവന ചെയ്തു. ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീട് ഡയറക്ടർ ഫാ.ജോർജ് ജോഷ്വാ കണ്ണേലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ മാർ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നടത്തി. ബിജു പ്രഭാകർ , കോർ എപ്പിസ്കോപ്പമാരായ റവ. മാത്യു മനക്കരക്കാവിൽ, റവ. ചെറിയാൻ രാമനാലിൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും മെഡിക്കൽ കോളജിൽനിന്നും ഡോക്ടർമാരും എത്തിയിരുന്നു.
ബനഡിക്ട് മാർ ഗ്രിഗോറിയോസ് പുരസ്കാരം ഡോ.കെ. എം. ഏബ്രഹാമിനു സമ്മാനിച്ചു
01:12 AM Nov 18, 2018 | Deepika.com