തിരുവനന്തപുരം: കേരള സർവകലാശാല പ്രോ വൈസ്ചാൻസലറായി സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷന്റെ മുൻ ഡയറക്ടറും ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ പ്രഫ. ഡോ. പി. പി. അജയകുമാർ ചാർജെടുത്തു. ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ മുന്നോട്ടുവച്ച നിർദേശം സിൻഡിക്കറ്റ് ഏകകണ്ഠമായാണ് അംഗീകരിച്ചത്.
32 വർഷത്തിലധികം അധ്യാപന പരിചയമുള്ള ഡോ.പി. പി. അജയകുമാർ കണ്ണൂർ മൊറാഴ സ്വദേശിയാണ്. മൊറാഴ സെൻട്രൽ യുപി സ്കൂൾ, ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ് സർ സെയ്ദ് കോളജ്, പയ്യന്നൂർ കോളജ്, തലശേരി യൂണിവേഴ്സിറ്റി സെന്റർ എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗവേഷണ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹത്തിന് 2004 ലെ ശാസ്ത്രി ഇൻഡോ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫാക്കൽറ്റി എൻറിച്ച്മെന്റ് ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
കാനഡയിലെ ഒട്ടാവ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഒൺടാറിയോ, ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നീ സർവകലാശാലകളുടെ പഠന- ഗവേഷണങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ലിറ്റ്ക്രിറ്റ് എന്ന ലിറ്റററി ജേർണലിന്റെ ചീഫ് എഡിറ്ററും വിദൂര പഠന വിഭാഗത്തിന്റെ ഡക്ക് റിസർച്ചർ എന്ന റിസർച്ച് ജേർണലിന്റെ എഡിറ്ററുമാണ്. ലേഖനസമാഹാരമായ ഇന്റർവെൻഷൻസ് കൂടാതെ ഏഴോളം പുസ്തകങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ഏറെക്കാലം കേരള, കണ്ണൂർ, മദ്രാസ് സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രകാരൻ കൂടിയായ ഡോ. പി. പി. അജയകുമാർ ഇപ്പോൾ കേരളസർവകലാശാല വിദൂരപഠന വിഭാഗത്തിൽ ഇംഗ്ലീഷ് വിഭാഗം കോ - ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറായ ഡോ. കെ. എം. ഷീല ആണ് ഭാര്യ. മൂത്തമകൻ അർജുൻ എസ്. അജയ് ചാർട്ടേഡ് അക്കൗണ്ടന്റും ഇളയ മകൾ അരുണ എസ്.അജയൻ കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എംഎ വിദ്യാർഥിനിയുമാണ്.
പി.പി. അജയകുമാർ കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ
11:58 PM Nov 16, 2018 | Deepika.com