തിരുവനന്തപുരം: ശബരിമലയിൽ പോലീസ് സ്വീകരിക്കുന്ന നടപടികൾ ഒന്നൊന്നായി വിവാദമാകുന്നതിനു പിന്നാലെ ഹോട്ടലുകൾ അടയ്ക്കാൻ നിർദേശിച്ചിട്ടില്ലെന്ന തിരുത്തുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സന്നിധാനത്തു രാത്രിയിൽ ഭക്തരെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണു സന്നിധാനത്തെ ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും 11നു ശേഷം അടയ്ക്കണമെന്നു പോലീസ് നിർദേശിച്ചത്. എന്നാൽ, ഇവ രാത്രി 11ന് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പോലീസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി പിന്നീടു പത്രക്കുറിപ്പിൽ അറിയിച്ചു.
രാത്രിയിൽ ഭക്തർക്കു നിയന്ത്രണം ഏർപ്പെടുത്തിയ പോലീസ് നടപടിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആചാരപരമായ കാര്യങ്ങളിൽ പോലീസ് ഇടപെടരുതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർദേശിച്ചു. പോലീസ് ഇടപെടലുകളും മറ്റു വകുപ്പുകളുടെ സഹായം ഉറപ്പാക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നു തിരുവനന്തപുരത്ത് എത്തുന്നുണ്ട്.
ഹോട്ടലുകൾ അടയ്ക്കാൻ നിർദേശിച്ചിട്ടില്ലെന്ന തിരുത്തുമായി ഡിജിപി
11:45 PM Nov 16, 2018 | Deepika.com