തിരുവനന്തപുരം: മണ്ഡലകാലത്ത് കെഎസ്ആർടിസി നടത്തുന്ന ശബരിമല സ്പെഷൽ സർവീസുകൾക്കും നിലയ്ക്കൽ-പന്പ ചെയിൻ സർവീസുകൾക്കും 30 ശതമാനം നിരക്ക് വർധിക്കും. ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ചു നൽകിയ ഉത്സവ ഫെയറും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി പത്രസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലകാലത്ത് 300 സ്പെഷൽ സർവീസുകളാണ് കെഎസ്ആർടിസി നടത്തുക. ഇതിൽ 50 എണ്ണം പന്പ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലേക്കും 250 എണ്ണം വിവിധ ഡിപ്പോകളിൽ നിന്ന് പന്പയിലേക്കുമാണ്. തീർഥാടകർക്ക് മാത്രമായാണ് ഇവ നിശ്ചയിച്ചിട്ടുള്ളത്. തീർഥാടകരുടെ ആവശ്യത്തിനല്ലാതെ ഇവയ്ക്ക് സ്റ്റോപ്പുകളും ഉണ്ടാവില്ല.
നിലയ്ക്കൽ-പന്പ റൂട്ടിൽ 200 നോണ്‍ എസി ബസുകളും 50 എസി ബസുകളുമാണ് സർവീസ് നടത്തുക. നോണ്‍ എസി ബസുകൾക്ക് 40 രൂപയും എസി ബസുകൾക്ക് 75 രൂപയുമാണ് നിരക്ക്. ഈ രണ്ടു സ്പെഷൽ സർവീസുകൾക്കും മാത്രമാണ് ഉത്സവ നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിക്കുന്ന 16 മുതൽ മാത്രമാണ് ഈ നിരക്കുകൾക്ക് പ്രാബല്യമുണ്ടാവുക.
ആറു ഡിപ്പോകളിൽനിന്നു സാധാരണ ദിവസങ്ങളിലും പന്പ സർവീസുകൾ നടത്താറുണ്ട്. ഈ ബസുകൾക്ക് 30 ശതമാനം നിരക്കു വർധന ബാധകമല്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പന്പയിലേക്ക് പോയ ബസിൽ 30 ശതമാനം അധികചാർജ് ഈടാക്കിയത് നിയമവിരുദ്ധമാണ്. ഇത് കണക്കിലെടുത്ത് ഉത്തരവാദിയായ ഡിടിഒയെ സ്ഥലം മാറ്റിയിട്ടുണ്ട്. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചുമതല നൽകിയിട്ടുള്ളതെന്നും തച്ചങ്കരി പറഞ്ഞു.
കെഎസ്ആർടിസിയിൽ നിലയ്ക്കലിൽ നിന്ന് പന്പയിലേക്കുള്ള യാത്രക്ക് സാധാരണ ടിക്കറ്റിന് പകരം ഓണ്‍ലൈൻ ടിക്കറ്റുകൾ മാത്രമാണ് ഇക്കുറിയുണ്ടാവുക. ഇവ ഓണ്‍ലൈനായി നേരത്തെ ബുക്ക് ചെയ്യാം. നിലയ്ക്കലിലെ 15 ഓളം കിയോസ്കുകളിൽ നിന്ന് ടിക്കറ്റുകൾ സ്വയമെടുക്കുകയും ചെയ്യാം. അല്ലെങ്കിൽ നിലയ്ക്കലിൽ തന്നെ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിൽ നിന്നും വാങ്ങാം. ശബരിമല ദർശനത്തിന് നെടുന്പാശേരി വിമാനത്താവളത്തിലും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും എത്തുന്നവർക്ക് കെഎസ്ആർടിസി സ്പെഷൽ പാക്കേജ് ഒരുക്കും. വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് എസി ബസിൽ ദർശനത്തിനെത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യും വിധമാണ് പാക്കേജ്. രണ്ട് കുപ്പി കുടിവെള്ളം ഒരു ടിൻ അരവണയും പാക്കേജിലുണ്ട്.
നെടുന്പാശേരിയിൽ നിന്നുള്ള പാക്കേജിന് 1500 രൂപയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതിന് 900 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
കെഎസ്ആർടിസി ശബരിമല സർവീസിനു 30 ശതമാനം നിരക്കു വർധന
01:22 AM Nov 15, 2018 | Deepika.com