കൊച്ചി: ശബരിമല വിഷയത്തിൽ റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള തീരുമാനമുണ്ടായ സാഹചര്യത്തിൽ സർക്കാർ പിടിവാശി കളഞ്ഞു വിവേകപൂർണമായ തീരുമാനമെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഇതൊരു നല്ല അവസരമായി കാണുകയാണു വേണ്ടതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
വൈകിയാണെങ്കിലും സർവകക്ഷിയോഗം വിളിച്ചതു സ്വാഗതം ചെയ്യുന്നു. യോഗത്തിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കും. തങ്ങളുടെ ഭാഗത്തുള്ള അഭിപ്രായം ഏകോപിപ്പിക്കാനായി യുഡിഎഫ് നേതാക്കളുടെ യോഗം ഇന്നു രാവിലെ 10നു കന്റോണ്‍മെന്റ് ഹൗസിൽ ചേരും. ശബരിമലവിഷയം ഇത്ര വഷളാക്കിയതിനു പിന്നിൽ മുഖ്യമന്ത്രിയും സർക്കാരുമാണ്. വിധിയുടെ പകർപ്പ് കിട്ടും മുൻപേ ധൃതിപിടിച്ച് അതു നടപ്പാക്കാനാണു വാശി കാണിച്ചത്.
വിഷയത്തിൽ ബിജെപി ആദ്യംമുതൽ രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണ്. അവരുടെ സംസ്ഥാന അധ്യക്ഷനാകട്ടെ നിലപാടുകൾ മാറ്റി മാറ്റി സമൂഹത്തിനു മുന്നിൽ ഹാസ്യകഥാപാത്രമായി. അന്തിമവിധി വരുന്നതുവരെ യുവതീപ്രവേശനം വേണ്ടെന്ന നിലപാടാണു കോണ്‍ഗ്രസിന്. മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടിയുടേതല്ലെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ ഇതു നല്ല അവസരമായി കാണണം: ചെന്നിത്തല
11:48 PM Nov 14, 2018 | Deepika.com