തൃശൂർ: മേരിവിജയം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക, സാംസ്കാരിക പ്രവർത്തകനുള്ള മേരിവിജയം ദർശന അവാർഡിന് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അർഹനായി. ആതുരസേവനത്തിനുള്ള ഡോ. ജോണ് ചെറയത്ത് അവാർഡ് ഡോ. പി. ഭാനുമതിക്കും ദൈവശാസ്ത്ര ഗ്രന്ഥരചനയ്ക്കുള്ള മാർ ജോസഫ് കുണ്ടുകുളം അവാർഡ് റവ.ഡോ. തോമസ് കാടൻകാവിൽ സിഎംഐയ്ക്കും സമ്മാനിക്കും.
പ്രശസ്തിപത്രവും ഫലകവും 11,111 രൂപയും അടങ്ങുന്നതാണ് അവാർഡ്. തൃശൂരിൽ കേരള സാഹിത്യ അക്കാദമി ഹാളിൽ24 ന് നടക്കുന്ന സമ്മേളനത്തിൽ പദ്മശ്രീ ഡോ. എം. ലീലാവതി പുരസ്കാരങ്ങൾ സമ്മാനിക്കും. ദർശന അവാർഡ് ജേതാവായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ഗ്രന്ഥകാരൻ, മതമൈത്രിയുടെ പ്രതിപുരുഷൻ തുടങ്ങിയ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണ്. റവ.ഡോ. തോമസ് കാടൻകാവിൽ ദൈവശാസ്ത്ര പണ്ഡിതനും ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന /”അസോസിയേഷൻ ഫോർ മെന്റലി ഹാൻഡികാപ്ഡ് അഡൾട്സ്’ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയും സാരഥിയുമാണ് ഡോ. പി. ഭാനുമതി.
24 നു രാവിലെ 9.30 നു നടക്കുന്ന സമ്മേളനത്തിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ”മാധ്യമങ്ങൾ വില്പനച്ചരക്കോ’ എന്ന വിഷയത്തിലുള്ള സെമിനാറിൽ മുൻ പ്ലാനിംഗ് ബോർഡ് അംഗം സി.പി. ജോണ്, ദൂരദർശൻ മുൻ ഡയറക്ടർ ഡോ. സി.കെ. തോമസ് എന്നിവർ പ്രഭാഷണം നടത്തും. മേരിവിജയം സാഹിത്യസമിതി സാഹിത്യോത്സവ മൽസരവിജയികൾക്കുള്ള പുരസ്കാരങ്ങളും സമ്മാനിക്കും.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, റവ. ഡോ. തോമസ് കാടൻകാവിൽ, ഡോ. പി. ഭാനുമതി എന്നിവർക്കു മേരിവിജയം അവാർഡ്
12:25 AM Nov 14, 2018 | Deepika.com