കോട്ടയം: ശബരിമല വിധി പോക്കറ്റിൽ ഇട്ടുകെണ്ട് രണ്ട് ഗവണ്മെന്റുകളും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജനകീയ മാർച്ചിന് കോട്ടയത്തു നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഇനി മുതൽ ശബരിമലയിൽ പോകണമെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ മുന്പിൽ ചെന്ന് മാല ഇടേണ്ട അവസ്ഥയാണ്. ആർഎസ്എസ്, ബിജെപി നേതാക്കൾ ശബരിമലയിൽ കയറി ഇറങ്ങുന്പോൾ ശബരിമല തന്ത്രിക്ക് മെറ്റൽ ഡിറ്റക്ടർ കടന്ന് പരിശോധനയ്ക്ക് വിധേയനായി കടന്നു പോകേണ്ട അവസ്ഥായാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
ഗവണ്മെന്റുകൾ വിശ്വാസങ്ങളിൽ ഇടപെടേണ്ട കാര്യമില്ല. അതു സമാധാനപരമായി കടന്നു പോയ്ക്കോട്ടെയെന്നു കരുതിയാൽ മതി. സിപിഎം എല്ലാ മതങ്ങളെയും ആക്രമിക്കുകയാണ് കുന്പസാരത്തെ എതിർക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറയേണ്ട ആവശ്യമുണ്ടോ. സ്വവർഗവിവാഹത്തേക്കുറിച്ചും വിവാഹേതര ബന്ധത്തെക്കുറിച്ചുമുള്ള വിധിയെ വളരെ സന്തോഷത്തോടെയാണ് കമ്യൂണിസ്റ്റുകാർ സ്വീകരിച്ചിരിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
ശബരിമലയിൽ പോകണമെങ്കിൽ എസ്ഐയുടെ മുന്പിൽ ചെന്ന് മാല ഇടേണ്ട അവസ്ഥ: തിരുവഞ്ചൂർ
01:09 AM Nov 13, 2018 | Deepika.com