തിരുവനന്തപരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ ഈ മാസം 16 മുതൽ പന്പ-നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തും. 10 ഇലക്ട്രിക് ബസുകളാണ് 16 മുതൽ സർവീസ് ആരംഭിക്കുന്നത്. ഈ ബസ് സർവീസിന്റെ ഫ്ളാഗ് ഓഫ് ഈ മാസം 15ന് ഉച്ചയ്ക്ക് 12.30ന് തന്പാനൂർ ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തിനുശേഷം പൊതുജനങ്ങൾക്ക് ബസിൽ സൗജന്യ യാത്ര അനുവദിക്കും. പിറ്റേന്നു മുതലാണ് നിലയ്ക്കൽ - പന്പ സർവീസ് ആരംഭിക്കുക. മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കന്പനിയിൽ നിന്നാണ് ഇലക്ട്രിക് ബസുകൾ വാടയ്ക്കെടുത്ത് സർവീസ് നടത്തുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം കെഎസ്ആർടിസി മാനേജ്മെന്റ് ഒപ്പിട്ടിരുന്നു.
കിലോമീറ്ററിന് 43.20 രൂപ നിരക്കിലാണ് 10 ഇലക് ട്രിക് ബസുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇ- ടെൻഡർ വഴിയാണ് മഹാവോയേജ് എന്ന കന്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടെണ്ടർ ഉറപ്പിച്ചിട്ടുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു. 10 സ്കാനിയ ബസുകൾ മുൻപ് ഈ കന്പനിയിൽ നിന്നും വാടകയ്ക്ക് എടുത്തിരുന്നു.
കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ സർവീസ് നടത്തിയ ഗോൾഡ് സ്റ്റോണ്‍ കന്പനിയുടെ ഇലക്ട്രിക് ബസുകളാണ് 16 മുതൽ ശബരിമലയിൽ സർവീസ് നടത്തുന്നത്. ശബരിമല സീസണുശേഷം തിരുവനന്തപുരം- കൊച്ചി മേഖലയിൽ കൃത്യമായ ഇടവേളകളിൽ നോണ്‍ സ്റ്റോപ്പായി സർവീസ് നടത്തുന്നതിനാണ് കെഎസ്ആർടിസി മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്.
കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ഫ്ളാഗ് ഓഫ് 15ന്
12:47 AM Nov 13, 2018 | Deepika.com