പാലാ: സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് ബിസിനസ് സ്കൂളിൽ ഉത്തരവാദിത്വ ടൂറിസം എന്ന വിഷയത്തിൽ കേരള സംസ്ഥാന ടൂറിസം മിഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര സിന്പോസിയം സംഘടിപ്പിച്ചു.
കോളജ് ചെയർമാൻ മോൺ. ജോസഫ് കൊല്ലംപറന്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരണ് ഐഎഎസ് സിന്പോസിയം ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടംതട്ടാതെ ടൂറിസം മേഖലയിലെ സാധ്യതകൾ സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർടി മിഷൻ ആവിഷ്കരിക്കുന്ന പദ്ധതിവഴി ഏകദേശം 4.5 ലക്ഷത്തോളം പേർക്ക് സമീപഭാവിയിൽ ഈ മേഖലയിൽ തൊഴിൽ സാധ്യതകൾ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ആർടി മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ രൂപേഷ് കുമാർ, പെരിയാർ ടൈഗർ റിസർവ് മുൻ ഡെപ്യൂട്ടി ഡയറക്ടർ സജ്ഞയൻ കുമാർ ഐഎഫ്എസ്, ലീലാ റാവിസ് ജനറൽ മാനേജർ ദിലീപ് കുമാർ, ദി ഹിന്ദു സീനിയർ അസി. എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ലെസെൽഡോൾ ഡയറക്ടർ റോയി ചാക്കോ, എട്രീ കോ-ഓർഡിനേറ്റർ ടി.ഡി. ജോജോ, മഡ്ഡി ബൂട്ട്സ് സ്ഥാപക ഡയറക്ടർ പ്രദീപ് മൂർത്തി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
കൊളറാഡോ സർവകലാശാല സംഘടിപ്പിക്കുന്ന സെമസ്റ്റർ അറ്റ് സീ പ്രോഗ്രാമിലെ വിദ്യാർഥിസംഘത്തോടൊപ്പം പ്രസ്തുത മേഖലയിലെ ഗവേഷകർ, അക്കാഡമികർ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, ബിരുദ ബിരുദാനന്തര വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബിസിനസ് സ്കൂൾ മേധാവി ഡോ. അജിത് കെ. തോമസിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥികൾ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കുമരകത്തും തേക്കടിയിലും നടത്തിയ പഠനങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചു.
ഉത്തരവാദിത്വ ടൂറിസം അന്താരാഷ്ട്ര സിന്പോസിയം സംഘടിപ്പിച്ചു
11:35 PM Nov 12, 2018 | Deepika.com