കോട്ടയം: പതിനൊന്ന് ദിവസംകൊണ്ട് 5,42,000 ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തി എംജി യൂണിവേഴ്സിറ്റി. സിബിസിഎസ്എസ് രണ്ടാം സെമസ്റ്റർ ജൂണ്‍ 2018, അഞ്ചാം സെമസ്റ്റർ ഒക്ടോബർ 2018 ബിരുദ പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ പിജി. സിഎസ്എസ് ജൂലൈ 2018, ഒന്നും രണ്ടും സെമസ്റ്റർ പിജി പ്രൈവറ്റ് ജൂലൈ 2018 പരീക്ഷകളുടെയും മൂല്യനിർണയമാണ് റിക്കാർഡ് വേഗത്തിൽ യൂണിവേഴ്സിറ്റി പൂർത്തീകരിച്ചത്.
എട്ടു സോണുകളിലായി കേന്ദ്രീകൃത രീതിയിൽ സിൻഡിക്കറ്റംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ മൂല്യനിർണയ ക്യാന്പിൽ 4800 അധ്യാപകരാണ് പങ്കെടുത്തത്. ബിരുദം രണ്ടാം സെമസ്റ്ററിൽ 2,90,000 ഉത്തരക്കടലാസുകളും അഞ്ചാം സെമസ്റ്ററിൽ 1,89,000 ഉത്തരക്കടലാസുകളുമാണ് മൂല്യനിർണയം നടത്തിയത്.
രണ്ടാം സെമസ്റ്റർ പിജി പരീക്ഷയുടെ 30,000 ഉത്തരക്കടലാസുകളുടെയും ഒന്നും രണ്ടും സെമസ്റ്റർ പിജി പ്രൈവറ്റിന്റെ 33,000 ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം നടന്നു. വളരെ വേഗത്തിൽ മൂല്യനിർണയം പൂർത്തിയാക്കാൻ ഒരേ മനസോടെ പ്രവർത്തിച്ച അധ്യാപകരെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും മൂല്യനിർണയ ക്യാന്പുകളിലെത്തി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അഭിനന്ദിച്ചു. മൂല്യനിർണയവുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽപ്പോലും പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
11 ദിവസംകൊണ്ട് 5.42 ലക്ഷം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി എംജി യൂണിവേഴ്സിറ്റി
11:35 PM Nov 12, 2018 | Deepika.com