കോഴിക്കോട് : പ്രളയത്തില്‍നിന്നു പഠിച്ച പാഠങ്ങളിലൂടെ ഫയര്‍ഫോഴ്സില്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്ന ആവശ്യവുമായി ഫയര്‍ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന് . ദുരന്തങ്ങളുണ്ടാവുന്ന അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി കമാന്‍ഡോ മാതൃകയില്‍ പരിശീലനം നല്കി സേനാംഗങ്ങളെ ഉള്‍പ്പെടുത്തി ജില്ലാ ആസ്ഥാനങ്ങളില്‍ സ്പെഷല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കണമെന്നാണ് പ്രധാന ആവശ്യം.
കേരള ഫയര്‍ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന് (കെഎഫ്ഒഎ) ഉത്തരമേഖലാ സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. ടാസ്ക്ഫോഴ്സിനു പുറമേ ഫയര്‍ഫോഴ്സില്‍ അടിയന്തരമായി നടപ്പാക്കേണ്ട 17 നിര്‍ദേശങ്ങളാണ് സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനും കെഎഫ്ഒഎ സമര്‍പ്പിച്ചത്. പ്രളയത്തിലും മറ്റുഘട്ടങ്ങളിലും ഫയര്‍ഫോഴ്സിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ പ്രമേയങ്ങളിലെ ആവശ്യങ്ങള്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി ടി.പി. രാമകൃഷ്ണന് ഉറപ്പു നല്കി.
ഫയര്‍ഫോഴ്സ് ഓഫീസര്‍മാര്‍ക്ക് റിസ്ക്, സ്മാര്‍ട്ട് അലവന്‍സുകള്‍ അനുവദിക്കുക, ഫയര്‍ഫോഴ്സ് ആക്ട് റൂള്‍സ് ആക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക, ഫയര്‍സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഊർജിതമാക്കാനും മുഴുവന്‍സമയവും നിലയങ്ങളില്‍ ഓഫീസര്‍മാരുടെ സേവനം ലഭിക്കാനും ഓരോ നിലയങ്ങളിലും എഎസ്ടിഒ തസ്തിക കൂടി അനുവദിക്കുക, ചിറ്റൂര്‍, മഞ്ചേരി, തിരുവാലി തുടങ്ങിയ എസ്ടിഒമാരില്ലാത്ത നിലയങ്ങളില്‍ എസ്ടിഒ തസ്തിക അനുവദിക്കുക, മിനി സ്റ്റേഷനുകളായി ആരംഭിച്ച നിലയങ്ങളില്‍ പൂര്‍ണതോതില്‍ ആക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സേനയ്ക്ക് സ്വന്തമായി ഫയര്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് രൂപം നല്‍കണം.
മേഖലാടിസ്ഥാനത്തില്‍ പ്രമോഷന് തസ്തിക സൃഷ്ടിക്കണമെന്നും 27 വര്‍ഷം പൂര്‍ത്തിയായ ജീവനക്കാര്‍ക്ക് നാലാമത്തെ ഗ്രേഡ് അനുവദിക്കണമെന്നും റീജണല്‍ ഫയര്ഓഫീസര്മാരുടേയും ജില്ലാ ഫയര്ഓഫീസര്മാരുടേയും അധികാരം ഉയര്‍ത്തണമെന്നും ശമ്പള പരിഷ്കരണത്തിലുണ്ടായ അപാകത പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
100 വനിതകൾക്ക് ഉടന്‍ നിയമനം: മന്ത്രി
കോഴിക്കോട്: ഫയര്‍ഫോഴ്സില്‍ വനിതകള്‍ക്കായി പ്രത്യേക വിഭാഗം രൂപീകരിക്കുമെന്നും 100 വനിതകളെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്. കേരള ഫയര്‍ഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷന് (കെഎഫ്ഒഎ) ഉത്തരമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം നേരിട്ടപ്പോള്‍ സ്വീകരിച്ച ജാഗ്രത കേരളം പുനര്‍നിര്‍മിക്കുന്നതിനും സ്വീകരിക്കണം. പ്രളയത്തെ തുടര്‍ന്ന് ധനസമാഹരണാവശ്യാര്ത്ഥം വിദേശത്തേക്ക് പോകാന്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. എങ്കിലും പുനര്‍നിര്‍മാണം നടത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെഎഫ്ഒഎ മേഖലാ പ്രസിഡന്റ് പി. പ്രദീപ് അധ്യക്ഷത വഹിച്ചു. ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ ആര്. പ്രസാദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് റീജണല്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, പാലക്കാട് റീജണല്‍ ഫയര്‍ഓഫീസര്‍ വി. സിദ്ധകുമാര്‍, കണ്ണൂര്‍ റീജണല്‍ ഫയര്‍ഓഫീസര്‍ ജെ.എസ്. സുജിത്കുമാര്‍, കെ.പി. ബാബുരാജ്, കെ. ഹരികുമാര്‍ , കെ.വി. ലക്ഷ്മണന്, പി.എസ്. സാബുലാല്‍, കെ.വി. മനോഹരന്, കെ.പി. ജയപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫയര്‍ഫോഴ്സില്‍ ടാസ്ക്ഫോഴ്സ് വേണം: ഓഫീസർമാർ
01:03 AM Nov 12, 2018 | Deepika.com