തിരുവനന്തപുരം: ഹൃദ്രോഗ നിർണയത്തിലും ചികിത്സയിലും കൊറോണറി ഇമേജിംഗ്, ഫിസിയോളജി എന്നീ വൈദ്യശാസ്ത്ര ശാഖകൾ നടത്തിയ സാങ്കേതിക മുന്നേറ്റങ്ങൾ വളരെ വലുതാണെന്ന് എസ്സിഐപി പ്രസിഡന്റ് ഡോ.സി.ജി. ബാഹുലേയൻ. ഹൃദയധമനികളിലെ തടസങ്ങൾ (ബ്ലോക്കുകൾ) ശാസ്ത്രീയമായി വിലയിരുത്താനും ബ്ലോക്കുകൾ നീക്കം ചെയ്യാൻ ഫലപ്രദമായ ചികിത്സകളിലൊന്നായ ആൻജിയോപ്ലാസ്റ്റിയുടെ കൃത്യതയ്ക്കും കൊറോണറി ഇമേജിംഗ് സാങ്കേതിക വിദ്യകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ പ്രയോജനം ജനങ്ങൾക്കും ലഭ്യമാക്കാൻ ആരോഗ്യ മേഖലയ്ക്കു കഴിയണം. ഇതിനായി പൊതുജനാരോഗ്യ മേഖലയും സ്വകാര്യ ആശുപത്രികളും ആരോഗ്യ ഇൻഷ്വറൻസ് രംഗത്തുള്ളവരും സന്നദ്ധ സംഘടനകളും കൈകോർക്കേണ്ടതുണ്ടെന്ന് കൊറോണറി ഇമേജിംഗ് ആൻഡ് ഫിസിയോളജി (എസ്സിഐപി) രണ്ടാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
ഹൃദയ ശസ്ത്രക്രിയാ വിദഗ്ധർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി അവലംബിക്കുന്ന അതിനൂതന വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകളും സംവിധാനങ്ങളും സമ്മേളനം ചർച്ച ചെയ്തു.
ബലൂണ് ശസ്ത്രക്രിയകൾ (ആൻജിയോപ്ലാസ്റ്റി) സുഗമമാക്കാൻ ഹൃദയധമനികളുടെ ഉൾവശം ചിത്രീകരിക്കുന്ന സാങ്കേതിക വിദ്യയായ ഐവിയുഎസ്, ഒസിടി എന്നിവയ്ക്കായി പ്രത്യേക ശാസ്ത്ര സെഷനുകളും സംഘടിപ്പിച്ചു.
ഇറ്റലി കാസർട്ട ജനറൽ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം തലവൻ ഡോ.ഡൊമനിക്കോ. ഡി.ജിറോലാമോ, കൊറിയ സാംസംഗ് മെഡിക്കൽ സെന്ററിലെ ഡോ.ജൂ മ്യുങ്ങ് ലീ, ടോക്യോ എൻടിടി മെഡിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗം ഡയറക്ടർ പ്രഫ. ഡോ. മസാവോ യാമാസാക്കി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഡോ.മധു ശ്രീധരൻ, ഡോ. വി.കെ. അജിത് കുമാർ, ഡോ. പി.കെ. അശോകൻ, ഡോ. എസ് ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഹൃദ്രോഗ ചികിത്സ: കൊറോണറി ഇമേജിംഗ് സാങ്കേതികവിദ്യയുടെ പങ്കു വലുതെന്ന് എസ്സിഐപി
12:52 AM Nov 12, 2018 | Deepika.com