ചങ്ങനാശേരി: മതസൗഹാർദം സംരക്ഷിക്കാൻ കേരള ജനത ജാഗ്രത പുലർത്തണമെന്ന് മർത്തോമ്മസഭാ അധ്യക്ഷൻ ജോസഫ് മാർതോമ മെത്രാപ്പോലീത്ത.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സ്ഥാപിച്ചതിന്റെ തൊള്ളായിരം വാർഷികം(നവമ ശതാബ്ദി)സമാപനത്തോടനുബന്ധിച്ചു നടന്ന മത സൗഹാർദ സഭൈക്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. സ്നേഹത്തിന്റെയും സഹിഷ്ണതയുടെയും സംസ്കാരമാണ് ഭാരതത്തിനുള്ളത്. ഇത് തകർക്കാനും വിഭാഗീയത വളർത്താനുമുള്ള പ്രവണതകൾ വളരുന്നുണ്ട്. ഇത്തരം സമീപനങ്ങളെ മനസിലാക്കി സൗഹാർദത്തിനു ഭംഗം വരുത്തുന്ന കാര്യങ്ങളെ നേരിടേണ്ടത് കേരളജനതയുടെ ആവശ്യമാണ്. സഭൈക്യവും മതസൗഹാർദവും സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വിനിയോഗിക്കപ്പെടണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സാഹോദര്യത്തിന്റെയും സമഭാവനയുടേയും സ്നേഹത്തിന്റെയും സഹിഷ്ണതയുടേയും മൂല്യങ്ങൾ ഭാരതത്തിന്റെ ആത്മീയ സന്പത്താണെന്നും ഓരോ മതത്തിന്റെയും ആചാരങ്ങളും തനിമകളും കാത്തുസൂക്ഷിക്കാൻ പരസ്പര സഹകരണം അനിവാര്യമാണെന്നും മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ചങ്ങനാശേരിയിൽ പുലരുന്ന മതമൈത്രി മാതൃകയാണെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ഓർത്തഡോക്സ് സഭ സുനഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദീയോസ്കോറസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. ദൈവസ്നേഹത്തിലും മനുഷ്യബന്ധത്തിലും ഉറപ്പിക്കാൻ മതസൗഹാർദത്തിലും സഭൈക്യത്തിലുടെയും സാധിക്കുമെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
മുൻ പിഎസ്സി ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ, എൻഎസ്എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, പാളയംപള്ളി ഇമാം അബ്ദുൽ ഗഫാർ മൗലവി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫുവാദ്, പുതൂർപ്പള്ളി പ്രസിഡന്റ് പി.എസ്.പി. റഹിം, കാവിൽ ഭഗവതിക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എം.പ്രസാദ്ചന്ദ്, മുനിസിപ്പൽ കൗണ്‍സിലർ എത്സമ്മ ജോബ്, മെത്രാപ്പോലീത്തൻപള്ളി കൈക്കാരൻ കെ.എസ്.ആന്റണി കരിമറ്റം, ജനറൽ കണ്‍വീനർ ജോബി തൂന്പുങ്കൽ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന ഇടവക നേതൃസംഗമത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകി.
ഇന്ന് നവമശതാബ്ദി സമാപന സമ്മേളനം നടക്കും. രാവിലെ ഒന്‍പതിന് ചന്തക്കടവ്, എസ്ബി കോളജ് ഭാഗങ്ങളിൽ നിന്നും ആരംഭിക്കുന്ന വിശ്വാസ പ്രഘോഷണ റാലി പള്ളിയുടെ വടക്കേ കുരിശടിയിൽ സംഗമിച്ച് പള്ളിയിൽ എത്തിച്ചേരും. 10ന് നടക്കുന്ന സമ്മേളനം മലങ്കര കാതോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സുപ്രീകോടതി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
ധനകാര്യമന്ത്രി ഡോ.ടി.എം തോമസ് ഐസക് വിദ്യാഭ്യാസ സഹായനിധിയുടെയും വിവാഹ സഹായ പദ്ധതിയുടേയും ഉദ്ഘാടനം നിർവഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി സുവനീർ പ്രകാശനം നിർവഹിക്കും. സി.എഫ്.തോമസ് എംഎൽഎ, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ, വികാരി ഫാ. കുര്യൻ പുത്തൻപുര, കപ്പൂച്ചിൻ കോട്ടയം പ്രോവിൻസ് അസിസ്റ്റന്റ് പ്രൊവിൻഷ്യാൾ ഫാ.ജോർജ് ആശാരിച്ചേരിൽ, സിഎംസി ഹോളിക്വീൻസ് പെ്രാവിൻഷ്യാൾ ഡോ.സിസ്റ്റർ സുമ റോസ്, കേന്ദ്ര ഇക്കണോമിക്സ് അഫയേഴ്സ് ജോയിന്റ് ഡയറക്ടർ റോസ്മേരി ഏബ്രഹാം, വാർഡ് കൗണ്‍സിലർ സാജൻ ഫ്രാൻസിസ്, പാസ്റ്ററൽകൗണ്‍സിൽ സെക്രട്ടറി ഡോ.ആന്റണി മാത്യൂസ്, ചീഫ് കോഓർഡിനേറ്റർ ഡോ.സ്റ്റീഫൻ മാത്യൂസ് എന്നിവർ പ്രസംഗിക്കും.
മതസൗഹാർദം സംരക്ഷിക്കാൻ ജാഗ്രത പുലർത്തണം: ജോസഫ് മാർതോമ മെത്രാപ്പോലീത്ത
01:11 AM Nov 11, 2018 | Deepika.com