കോട്ടയം: നാഗന്പടം റെയിൽവേ മേൽപ്പാലത്തിന്റെ ടാറിംഗ് അടുത്ത ആഴ്ച ആരംഭിക്കും. മഴ പെയ്യുന്നതു അപ്രോച്ച് റോഡ് നിർമാണത്തെ ബാധിച്ചതാണു ടാറിംഗ് വൈകാൻ ഇടയാക്കിയതെന്നു റെയിൽവേ വ്യക്തമാക്കി. മഴ തുടർന്നാൽ അപ്രോച്ച് റോഡിലെ ടാറിംഗ് വൈകുമെന്നാണു സൂചന. ഉടൻതന്നെ ടാറിംഗ് നടത്തി റോഡ് ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്നാണു റെയിൽവേയുടെ തീരുമാനം.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പുതിയ പാലത്തിലൂടെ ഒരു വരിഗതാഗതവും വ്യാഴാഴ്ച രണ്ടുവരി ഗതാഗതവും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച പഴയ പാലം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുകയും ചെയ്തിരുന്നു. അപ്രോച്ച് റോഡിന്റെ തുടക്കങ്ങളിൽ മണ്ണിട്ടുയർത്തുന്ന ജോലികളാണു പുരോഗമിക്കുന്നത്. സീയേഴ്സ് ജംഗ്ഷനിൽനിന്നു പഴയ പാലത്തിലേക്കുള്ള റോഡ് കഴിഞ്ഞ ദിവസം മണ്ണിട്ടുയർത്തി. മഴ പെയ്യുന്നതും വാഹനങ്ങൾ കടന്നുപോകുന്നതും അപ്രോച്ച് റോഡ് കൂടുതൽ ഉറയ്ക്കാൻ കാരണമാകും. കാലാവസ്ഥ അനുകൂലമായാൽ അടുത്തയാഴ്ച തുടക്കത്തിൽ ടാറിംഗ് നടത്തും. രണ്ടു തട്ടായി രണ്ടു ദിവസം കൊണ്ടു പൂർത്തിയാക്കി പിറ്റേന്നു മുതൽ ഗതാഗതത്തിനു തുറന്നു കൊടുക്കും.
നാഗന്പടം റെയിൽവേ മേൽപ്പാലത്തിന്റെ ടാറിംഗ് അടുത്ത ആഴ്ച ആരംഭിക്കും
12:33 AM Nov 11, 2018 | Deepika.com