തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ അന്വേഷണം വേണ്ടെന്നു ഗവർണർ പി. സദാശിവം.
ബ്രൂവറികൾ അനുവദിച്ചതിനേക്കുറിച്ച് അന്വേഷണം നടത്താൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ സർക്കാരിനോടു വിശദീകരണം തേടി. ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും ഇനി അനുമതി നൽകുന്നതിനു മാനദണ്ഡങ്ങൾ തയാറാക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ ഗവർണർക്കു മറുപടി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു ഗവർണറുടെ തീരുമാനം. ഗവർണർ പ്രതിപക്ഷനേതാവിനെ തീരുമാനം അറിയിച്ചു.
ബ്രൂവറി അനുമതിക്കു പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർക്കു മൂന്നു കത്തുകൾ നൽകിയിരുന്നു. അഴിമതി നിരോധന നിയമത്തിൽ അടുത്ത കാലത്ത് വരുത്തിയ ഭേദഗതി അനുസരിച്ച് പൊതുപ്രവർത്തകർക്കെതിരേ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇവിടെ സർക്കാർ തന്നെ പ്രതിസ്ഥാനത്തു നിൽക്കുന്ന സാഹചര്യത്തിലാണ് നിയമനാധികാരി എന്ന നിലയിൽ ഗവർണറുടെ അനുമതി തേടിയതെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതിയും അന്വേഷണ ആവശ്യം തള്ളിയിരുന്നു.
ബ്രൂവറി: അന്വേഷണം വേണ്ടെന്നു ഗവർണർ
02:10 AM Nov 08, 2018 | Deepika.com