തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാറിനെ ശബരിമല മണ്ഡല-മകരവിളക്കു കാലത്തെ ഉത്സവവുമായി ബന്ധപ്പെട്ടു മജിസ്റ്റീരിയൽ പദവിയുള്ള സ്പെഷൽ ഓഫീസറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു ശബരിമല തീർഥാടന കാലത്തു സംഘർഷമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ക്രമസമാധാന പ്രശ്നമുണ്ടായാൽ വെടിവയ്ക്കാൻ പോലും ഉത്തരവിടാൻ അധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടത്തിലെ സെക് ഷൻ 20 (2) പ്രകാരമുള്ള അധികാ രത്തോടെയാണു നിയമനം.
ഇതിനായി പ്രത്യേക തസ്തിക മന്ത്രിസഭ സൃഷ്ടിക്കുകയായിരുന്നു. ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ചുമതലയുളള അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കും പ്രേംകുമാർ.
ശബരിമലയിൽ മണ്ഡല-മകര വിളക്കു കാലത്തേക്കായി പ്രത്യേക ഓഫീസർ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയനാണു മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് നിരവധി ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ നിർദേശിച്ചു. ഒടുവിൽ പ്രേംകുമാറിനെ നിശ്ചയിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലാ കളക്ടറാണു ശബരിമലയുടെ കാര്യങ്ങൾ നോക്കിവന്നത്. അദ്ദേഹത്തിനു ജില്ലയുടെ മറ്റു കാര്യങ്ങൾകൂടി നോക്കേണ്ട സാഹചര്യത്തിലാണു മണ്ഡല-മകരവിളക്കു കാലത്ത് പുതിയൊരു ഐഎഎസ് ഉദ്യോഗസ്ഥനെക്കൂടി നിയമിക്കുന്നത്. അതേസമയം, താരതമ്യേന ജൂണിയറായ സ്പെഷൽ ഓഫീ സുടെ നിർദേശം എഡിജിപിമാരും ഐജിമാരും അനുസരിക്കുമോ എന്ന ആശങ്ക ചിലർ പ്രകടിപ്പിക്കുന്നുണ്ട്.
ദേവികുളം സബ് കളക്ടറായ പ്രേംകുമാർ മൂന്നാറിലെ ഭൂമിസംബന്ധമായ വിഷയത്തിൽ എസ്. രാജേന്ദ്രൻ എംഎൽഎയുമായി ഇടഞ്ഞിരുന്നു. മൂന്നാറിൽ അർഹരായവർക്കു ഭൂമിയുടെ പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുമായി തർക്കങ്ങൾ നിലനിന്നിരുന്നതായും പറയപ്പെടുന്നു. പ്രേംകുമാറിനു പകരം ദേവികുളം സബ്കളക്ടറായി രേണു രാജിനെ നിയമിച്ചു. ഇപ്പോൾ തൃശൂർ സബ് കളക്ടറാണ്. എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു. ഐകെഎം ഡയറക്ടർ, ഇ-നിയമസഭ നോഡൽ ഓഫീസർ എന്നീ അധിക ചുമതലകളും ഇവർ വഹിക്കും. കൊല്ലം സബ് കളക്ടറായിരുന്നു.
എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള അക്കാഡമി ഫോർ സ്കിൽ ആൻഡ് എക്സലൻസ് മാനേജിംഗ് ഡയറക്ടറുടെ അധികചുമതലയും അദ്ദേഹം വഹിക്കും. തലശേരി സബ് കളക്ടറായിരുന്നു ചന്ദ്രശേഖർ.
പ്രേംകുമാർ ശബരിമല സ്പെഷൽ ഓഫീസർ
02:09 AM Nov 08, 2018 | Deepika.com