തിരുവനന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ’ഈ.മ.യൗ’, സക്കറിയ സംവിധാനം ചെയ്ത ’സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങൾ തെരഞ്ഞെടുത്തതായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പത്രസമ്മേളനത്തിൽ അറിയിച്ചു. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 സിനിമകൾ പ്രദർശിപ്പിക്കും. കഴിഞ്ഞതവണ ഈ പാക്കേജിൽ ഏഴ് സിനിമകളായിരുന്നു ഉണ്ടായിരുന്നത്.
മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നിന് തുടങ്ങും. അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം മേഖലാ കേന്ദ്രങ്ങൾ വഴി നേരിട്ട് രജിസ്റ്റർ ചെയ്ത് പാസുകൾ വാങ്ങാം. ഓരോ കേന്ദ്രത്തിലും 500 പാസുകൾ വീതം വിതരണം ചെയ്യും. ഇതിൽ 200 പാസുകൾ 50 വയസിനു മുകളിലുള്ളവർക്കായി നീക്കിവച്ചിട്ടുണ്ട്. ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 10 ന് ആരംഭിക്കും. ഫീസ് 2000 രൂപയാണ്. വിദ്യാർഥികൾക്ക് 1000 രൂപ. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവുചുരുക്കി നടത്തുന്നതിനാൽ ഇത്തവണ സൗജന്യ പാസുകൾ ഉണ്ടായിരിക്കില്ല.
ഡിസംബർ ഏഴു മുതൽ 13 വരെയാണ് മേള. 14 തിയറ്ററുകളിലായി ഇക്കുറി 150 ഓളം സിനിമകളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സിബി മലയിൽ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ
01:49 AM Oct 24, 2018 | Deepika.com