തിരുവനന്തപുരം: കേരള സംസ്ഥാന സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ് (സി-ആപ്റ്റ്) മാനേജിംഗ് ഡയറക്ടറായി കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രഥമ പ്രൊ. വൈസ് ചാൻസലറായിരുന്ന ഡോ. എം. അബ്ദുൾ റഹ്മാനെ സർക്കാർ നിയമിച്ചു. തിരുവനന്തപുരം എൽബിഎസ് വനിത എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം പ്രഫസറാണ്.
നേരത്തേ കേന്ദ്ര മാനവവിഭവശേഷി വകുപ്പിൽ എഐസിടിഇ ഡയറക്ടറായും സംസ്ഥാന വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ടെക്നിക്കൽ യൂണിവേഴ്സിറ്റി പരീക്ഷാ നടത്തിപ്പുൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഓണ്‍ലൈനായി നടപ്പിലാക്കിയത് ഡോ. റഹ്മാന്റെ നേതൃത്വത്തിലായിരുന്നു.
കാസർഗോഡ് പൈക്ക മാളംകൈ സ്വദേശിയായ റഹ്മാൻ പരേതനായ കൊട്ടയടുക്കം അബ്ദുല്ലയുടെയും നബീസയുടെയും മകനാണ്. കേന്ദ്ര വാർത്താ വിതരണവകുപ്പിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടറായ ഡോ. നീതു സോണയാണു ഭാര്യ.
ഡോ. എം. അബ്ദുൾ റഹ്മാൻ സി- ആപ്റ്റ് മാനേജിംഗ് ഡയറക്ടർ
01:17 AM Oct 23, 2018 | Deepika.com