പാലാ: പുസ്തകപ്രകാശനമായിരുന്നില്ല. അച്ഛനും അമ്മയ്ക്കുമുള്ള അക്ഷരാർച്ചനയായിരുന്നു. പുത്രവാത്സല്യത്തിന്റെ പുതിയ ഭാവതലങ്ങൾ അനുഭവിച്ച കണ്ണൻചിറ ഈപ്പച്ചൻ-അന്നമ്മ ദന്പതികളുടെ മനം നിറഞ്ഞു.
പാലാ അൽഫോൻസ കോളജിലാണ് ആ അപൂർവരംഗം അരങ്ങേറിയത്. ഡിസിഎൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ ദീപിക ചോക്ലേറ്റിൽ കഴിഞ്ഞ പത്തുവർഷം എഴുതിയ 345 ദിനാചരണ പ്രസംഗങ്ങളുടെ സമാഹാരമായ പ്രപഞ്ചമാനസം എന്ന ഗ്രന്ഥമാണ് രചയിതാവിന്റെ മാതാപിതാക്കൾക്കുതന്നെ അക്ഷരാർച്ചനയായി നൽകിയത്. ആദ്യാക്ഷരവും അറിവും പകർന്ന സ്വന്തം മാതാപിതാക്കൾക്ക് തന്റെ ഗ്രന്ഥം സമർപ്പിച്ചപ്പോൾ അവർ വാത്സല്യാശ്രുക്കൾ പൊഴിച്ചു.
ആയിരത്തിലേറെ വരുന്ന പുതുതലമുറയിലെ കോളജ് വിദ്യാർഥികൾക്ക് അത് അവിസ്മരണീയമായ ജീവിതപാഠമായി. ഗ്രന്ഥകാരന്റെ ഇരട്ട സഹോദരനും കൊച്ചി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടറുമായ ഫാ. റോബിയും ചടങ്ങിനു സാക്ഷിയായി.
പാലാ അൽഫോൻസ കോളജ് എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച സാമൂഹ്യബോധന സെമിനാറിന്റെ ഭാഗമായാണ് അക്ഷരാർച്ചന ചടങ്ങ് സംഘടിപ്പിച്ചത്. 950-ലേറെ പേജുകളുള്ള ബ്രഹത്ഗ്രന്ഥമായ പ്രപഞ്ചമാനസം വിദ്യാർഥികൾക്കു പ്രസംഗിക്കാനും വിദ്യാർഥികളോടു പ്രസംഗിക്കാനും ഏവർക്കും സഹായകമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞു പാലാ അൽഫോൻസ കോളജിൽ നടന്ന ചടങ്ങിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിഷ്യാൾ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട സിഎംഐ, ഫാ. റോബി കണ്ണൻചിറ സിഎംഐ, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ, ദീപിക ഫ്രണ്ടസ് ക്ലബ് പാലാ സോണ് കോ-ഓർഡിനേറ്റർ ഫാ. സ്കറിയ വേകത്താനം, അൽഫോൻസ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ തെരേസ മടുക്കക്കുഴി എസ്എച്ച്, നോവലിസ്റ്റ് സജിത അനിൽ, എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ പ്രഫ. സോണിയ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
അച്ഛനും അമ്മയ്ക്കും അക്ഷരാർച്ചന
01:09 AM Oct 23, 2018 | Deepika.com