കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കുകളിൽ നിന്നു വിരമിച്ച ഓഫീസർമാരുടെ സംഘടനയായ അസോസിയേറ്റ് ബാങ്ക്സ് റിട്ടയേർഡ് ഓഫീസേഴ്സ് അസോസിയേഷൻ ( എബിആർഒഎ - എസ്ബിടി) യൂണിറ്റിന്റെ ഏഴാമത് ത്രൈവാർഷിക അഖിലേന്ത്യാസമ്മേളനം 27ന് കച്ചേരിപ്പടി ആശീർഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ പത്തിന് സാഹിത്യകാരൻ സേതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനാ ചെയർമാൻ ആർ. ചന്ദ്രസേനൻ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 പേർ പങ്കെടുക്കും.
ശന്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ വർധന നടപ്പിലാക്കുക, 2002 ന് മുന്പ് വിരമിച്ചവർക്ക് 100 ശതമാനം ക്ഷാമബത്ത നൽകുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക, എസ്ബിടി പെൻഷൻകാർക്ക് ലഭിച്ചിരുന്ന ഹെൽത്ത് ചെക്കപ്പ്, മരണാനന്തര ഫണ്ട് ആനുകൂല്യങ്ങൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, സെക്രട്ടറി എം. വിജയകുമാർ, എൻ.ബി. വിശ്വം, കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
എബിആർഒഎ ത്രൈവാർഷിക അഖിലേന്ത്യാ സമ്മേളനം 27ന്
01:09 AM Oct 23, 2018 | Deepika.com