തിരുവനന്തപുരം: പിഎസ്സി നടത്തുന്ന വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം പുതിയ രീതിയിലേക്കു മാറുന്നു. വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം പൂർണമായും ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) എന്ന സന്പ്രദായത്തിലൂടെ നടത്തുന്നതിനാണ് പിഎസ്സി തയാറെടുക്കുന്നത്.
ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഓണ്‍ലൈനായി അധ്യാപകർക്കു നൽകി മൂല്യനിർണയം നടത്തുന്നതാണ് ഓണ്‍ സ്ക്രീൻ മാർക്കിംഗ് അഥവാ ഒഎസ്എം സന്പ്രദായം.
പരീക്ഷണാടിസ്ഥാനത്തിൽ വിജയിച്ചതിനെതുടർന്നു കൂടുതൽ വിവരണാത്മക പരീക്ഷകൾ ഒഎസ്എം രീതിയിയിൽ നടത്തുന്നതിനാണ് പിഎസ്സിയുടെ തീരുമാനം. പിഎസ്സിയുടെ അക്കാദമിക് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് നടപടി.
വിവരണാത്മക പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നതിനു വളരെയേറെ കാലതാമസം നേരിടുന്നുണ്ട്. പുതിയ സംവിധാനം വഴി ഈ കാലതാമസം ഒഴിവാക്കുന്നതിനു സഹായിക്കും. ഉത്തര കടലാസിന്റെ കോപ്പി ഉദ്യോഗാർഥികൾക്കു നൽകുന്നതിനും സാധിക്കും. നിലവിൽ രാജസ്ഥാനിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ (ഗവണ്മെന്റ് ആയുർവേദ കോളജുകൾ) വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷ നടത്തുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ മാതൃറാങ്ക് പട്ടികയിൽ നിന്നും മറ്റ് പിന്നോക്ക വിഭാഗം ഉദ്യോഗാർഥികളെ നിയമനശിപാർശ ചെയ്യാൻ തീരുമാനിച്ചു. വകുപ്പുതല പരീക്ഷകൾക്കും ഇനി മുതൽ സീറ്റുകളുടെ ലഭ്യതയനുസരിച്ച് ഓലൈൻ പരീക്ഷകൾ നടത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
പിഎസ്സിയുടെ വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം ഒഎസ്എം വഴിയാക്കും
01:08 AM Oct 23, 2018 | Deepika.com