കടുത്തുരുത്തി: സൈക്കിൾ ചവിട്ടുന്നതിനിടെ കുളത്തിലേക്കു വീണ് ഏഴു വയസുകാരന് മരിച്ചു. എഴുമാന്തുരുത്ത് ചിറയില്‍ (വിനയ സദനം) ദേവരാജിന്റെ മകന് അതുല്‍ ഡി. രാജ് (മോനു) ആണ് വീടിനു സമീപത്തെ കുളത്തില്‍ വീണു മരിച്ചത്. കല്ലറ ശാരദാ വിലാസം യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ അതുലിനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും വീട്ടുകാരും ചേര്‍ന്നു പലേടത്തും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
സംശയത്തെത്തുടര്‍ന്നു വീടിനു സമീപം അതുലിന്റെ മുത്തച്ഛന്റെ കടയുടെ സമീപത്തുള്ള കുളത്തില്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് 5.30ഓടെ മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍നിന്ന് അതുലിന്റെ സൈക്കിളും കണ്ടെത്തി. സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ടു കുളത്തിലേക്കു വീണാണ് അപകടമുണ്ടായതെന്നു കരുതുന്നു. കടുത്തുരുത്തി പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. അമ്മ: സൂര്യ. സഹോദരന്: അമല്‍.
സൈക്കിളുമായി കുളത്തിൽ വീണ് ഏഴു വയസുകാരന് മരിച്ചു
01:42 AM Oct 22, 2018 | Deepika.com